കൽപ്പറ്റ: കണ്ണൂർ സർവ്വകലാശാല തലത്തിൽ ബി എസ് സി സൈക്കോളജി പരീക്ഷാ ഫലത്തിൽ തരുവണ എം.എസ്.എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഒന്നാം സ്ഥാനവും ബി.കോം ഫലത്തിൽ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കണ്ണൂർ സർവ്വകലാശാലയിലെ മറ്റു കോളേജുകളെയെല്ലാം പിന്നിലാക്കിയാണ് ബി എസ് സി സൈക്കോളജി പരീക്ഷ ഫലം 77.78% സ്വന്തമാക്കി ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.
കണ്ണൂർ സർവ്വകലാശാല ബികോം ഡിഗ്രി ഫൈനൽ പരീക്ഷയിൽ തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മികച്ച വിജയമാണ് സ്വന്തമാക്കിയത്.
ജില്ലയിൽ പ്രവർത്തിക്കുന്ന അഞ്ച് കോളേജുകളിൽ തരുവണ എം.എസ്.എസ് കോളേജ് മൂന്നാം സ്ഥാനവും സ്വാശ്രയ കോളേജുകളിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
കോളേജിൽ നിന്നുള്ള പ്രഥമ ബാച്ച് പുറത്തിറങ്ങിയ ആദ്യ പൊതു പരീക്ഷയിൽ തന്നെ മികച്ച വിജയമാണ് കോളേജ് സ്വന്തമാക്കിയത്. ബി കോം പരീക്ഷ എഴുതിയ 12 കുട്ടികളിൽ ആറ് പേർ തുടർ പഠന യോഗ്യരായി. വിജയം 50% .
ഏറെ വൈകി അഫിലിയേഷൻ ലഭിച്ചതിനാൽ മറ്റു കോളേജുകളിൽ പ്രവേശനം ലഭിക്കാതിരുന്ന കുട്ടികളാണ് ആദ്യ ബാച്ചിലെ പഠിതാക്കളായെത്തിയത്. ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെയും തോട്ടം തൊഴിലാളികളുടെയും മക്കളാണിവിടെ പഠിക്കുന്നത്. പ്രയാസങ്ങളും പ്രതിസന്ധികളും കുറവുകളും മറികടന്നാണ് യൂണിവേഴ്സിറ്റി തലത്തിൽ എം.എസ്.എസ് കോളേജ് ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കൈ പിടിയിലൊതുക്കിയത്.
അക്കാദമിക രംഗത്ത് വിട്ടു വീഴ്ചയില്ലാതെ ചിട്ടയോടെയുള്ള അധ്യാപനവും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുമാണ് കോളേജിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
തിളക്കത്തോടെയുള്ള ഇരട്ട വിജയം ചരിത്രമായിരിക്കുകയാണ്.
2022 ൽ താൽകാലിക കെട്ടിടത്തിൽ തുടങ്ങിയ കോളേജ് 2024 മുതൽ തരുവണ ആറുവാളിൽ സ്വന്തം ക്യാമ്പസിലാണ് പ്രവർത്തിക്കുന്നത്. രണ്ടാം വർഷം തന്നെ വിശാലമായ ക്യാമ്പസിലെ സ്വന്തം കെട്ടിടത്തിൽ പഠനം തുടങ്ങിയ ജില്ലയിലെ ആദ്യ കോളേജാണിത്.
ആദ്യ വർഷം തന്നെ എൻ.എസ്.എസ്. യൂണിറ്റ് തുടങ്ങാനായി. മൂന്ന് വർഷം പൂർത്തിയാക്കി 2025 ലെ പ്രഥമ ഡിഗ്രി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ എം.എസ്.എസ്. കോളേജ് മുഖ്യധാരാ കോളേജുകളോടൊപ്പമെത്തിയിരിക്കുകയാണ്.