വിദേശത്ത് ഉപരിപഠനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആല്‍ഫ മേരി ഇന്‍റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ എച്ച് ആര്‍ മാനേജര്‍ ആകാശ് ശശി അറസ്റ്റില്‍

Wayanad

കല്പറ്റ: വിദേശ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനത്തിനു പ്രവേശനം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസല്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫ മേരി ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ എന്ന സ്ഥാപനത്തിന്റെ എച്ച് ആര്‍ മാനേജരായ കോഴിക്കോട് സ്വദേശി ആകാശ് ശശി (28) പൊലീസ് കസ്റ്റഡിയില്‍. വയനാട് സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജു ജോസഫും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഡോക്ടര്‍ക്ക് സിങ്കപ്പൂരില്‍ ഉപരിപഠനത്തിനു പ്രവേശനം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചു അഞ്ച് ലക്ഷം രൂപയും തലപ്പുഴ സ്വദേശിക്ക് യു കെയില്‍ എം ബി എയ്ക്ക് സീറ്റ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഒമ്പത് ലക്ഷം രൂപയും വാങ്ങിയാണ് അഡ്മിഷന്‍ നല്‍കാതെ ചതിച്ചത്. ഇവരുടെ പരാതിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതില്‍ ആല്‍ഫ മേരി ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ എന്ന സ്ഥാപനം സംസ്ഥാനത്ത് നിരവധിയാളുകളെ ഈ വിധം വഞ്ചിച്ചു പണം തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്.

23 ഓളം കേസുകള്‍ ഈ സ്ഥാപനത്തിന് എതിരെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരുന്നു. സ്ഥാപനത്തിന്റെ ഉടമയായ റോജര്‍ എന്നയാളെ നേരെത്തെ പൊലീസ് പിടികൂടിയിരുന്നു. എച്ച് ആര്‍ മാനേജര്‍ ആയ ആകാശ് ആണ് വിദ്യാര്‍ത്ഥികളെ തന്ത്രപൂര്‍വ്വം ഈ തട്ടിപ്പില്‍ വീഴ്ത്തികൊണ്ടിരുന്നത്. അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് കല്പറ്റ സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *