യൂറോപ്പിലേക്ക് പ്രവര്‍ത്തന മേഖല വിപുലീകരിച്ച് മലയാളി ഐ ടി കമ്പനി എന്‍കോര്‍ ടെക്‌നോളജീസ്

Thiruvananthapuram

തിരുവനന്തപുരം: ലോക ഐ ടി ഭൂപടത്തില്‍ മറ്റൊരു മലയാളി വിജയഗാഥ കൂടി. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി 2017 ല്‍ പ്രവര്‍ത്തനം ആരംഭിച്ച എന്‍കോര്‍ ടെക്‌നോളജീസ് എന്ന മലയാളി ഐടി കമ്പനിയാണ് പുതുചരിത്രം സൃഷ്ടിച്ചു മുന്നേറുന്നത്. ജര്‍മ്മനിയിലും സ്ലോവാക്യയിലുമായി രണ്ടു പുതിയ ഓഫീസുകള്‍ തുറന്നുകൊണ്ടു കമ്പനി അവരുടെ പ്രവര്‍ത്തന മേഖല യൂറോപ്പിലേക്ക് വ്യാപിപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലില്‍ നിന്നുമുള്ള നിരവധി ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് കമ്പനി യൂറോപ്പിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കുന്നത്.

യൂറോപ്പിലെ രണ്ട് ഓഫീസുകളുടെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിന്ന് ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇതുകൂടാതെ എന്‍കോര്‍ ടെക്‌നോളജീസിന്റെ ടെക്‌നോപാര്‍ക്കിലെ പുതിയ ഓഫീസും മന്ത്രി ഉദ്ഘാടനം ചെയ്തു. ടെക്‌നോപാര്‍ക്ക് സി ഇ ഒ സഞ്ജീവ് നായര്‍ ചടങ്ങില്‍ സന്നിഹിതനായി. കാര്‍ണിവല്‍ ബില്‍ഡിങ്ങിലെ ഒന്നാം നിലയിലാണ് പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്.

തിരുവനന്തപുരം ആസ്ഥാനമായി 2017ല്‍ പ്രവര്‍ത്തനം ആരംഭിച്ച എന്‍കോര്‍ ടെക്‌നോളജീസ് ആരോഗ്യ മേഖലയിലാണ് സാങ്കേതിക സേവനങ്ങള്‍ നല്‍കുന്നത്. നിലവില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ എന്‍കോര്‍ ടെക്‌നോളജീസ് സേവനം ലഭ്യമാക്കുന്നുണ്ട്.

ആരോഗ്യ മേഖലയിലെ ഐ ടി സൊല്യൂഷനുകളില്‍ ഏറ്റവും മികച്ച സേവന ദാതാക്കളായി വളരാന്‍ കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് എന്‍കോര്‍ ടെക്‌നോളജീസിന് കഴിഞ്ഞതായി കമ്പനിയുടെ സ്ഥാപകരായ രാകേഷ് രാമചന്ദ്രന്‍, നൈഗില്‍ ജോസഫ്, രതീഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു. ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഇമേജ് പ്രോസസ്സിംഗ് എന്നീ മേഖലകളിലെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി കൂടുതല്‍ വിപണികളിലേക്കും കടക്കാനുള്ള ശ്രമത്തിലാണ് കമ്പനി. യൂറോപ്പില്‍ രണ്ട് പുതിയ ഓഫീസുകള്‍ ആരംഭിക്കുന്നതും ടെക്‌നോപാര്‍ക്കില്‍ അടിത്തറ വിപുലീകരിക്കുന്നതും ഈ യാത്രയിലേക്കുള്ള കമ്പനിയുടെ പ്രധാന ചുവടുവെപ്പാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നതായും മൂവരും കൂട്ടി ചേര്‍ത്തു.

2017ല്‍ അഞ്ച് ജീവനക്കാരുമായി പ്രവര്‍ത്തനമാരംഭിച്ച എന്‍കോര്‍ ടെക്‌നോളജീസിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. നിലവില്‍ 60ലധികം ജീവനക്കാര്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്യുജിഫിലിം, കംപോട്ട് എന്നി വമ്പന്‍ കമ്പനികളുടെതടക്കമുള്ള പ്രോജക്റ്റുകളാണ് എന്‍കോര്‍ ടെക്‌നോളജീസ് കൈകാര്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *