താമരശ്ശേരി: കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസഥിതി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ദേശീയ ഹരിത സേന ഇക്കോ ക്ലബ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. കോഴിക്കോട് എന്‍ ഐ ടിയിലെ രാമാനുജന്‍ ഹാളില്‍ നടന്ന പരിശീലനം എന്‍ ഐ ടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ. അബ്ദുന്നാസര്‍ യു കെ അധ്യക്ഷനായിരുന്നു. ഇക്കോ ക്ലബ് അധ്യാപകര്‍ക്കുള്ള ഹാന്‍ഡ്ബുക്ക് ചടങ്ങില്‍ പ്രകാശനം ചെയ്തു.
വിദ്യാലയങ്ങളിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ഇക്കോ ക്ലബിന്റെ പ്രാധാന്യം, ഊര്‍ജ്ജജല സംരക്ഷണം, പ്ലാസ്റ്റിക് മലിനീകരണനിയന്ത്രണം, മാലിന്യസംസ്‌കരണമാര്‍ഗ്ഗങ്ങള്‍ തുടങ്ങി സമകാലിക പ്രസക്തിയുള്ള പാരിസ്ഥിതിക വിഷയങ്ങളില്‍ പരിശീലനം നല്‍കി. ഡോ. ലിസ ശ്രീജിത്ത് (സെന്റര്‍ ഫോര്‍ സസ്‌റ്റെയിനബിള്‍ ടെക്‌നോളജീസ്, എന്‍ ഐ ടി), ഡോ. എ. സുജിത്ത് (കെമിസ്ട്രി വിഭാഗം, എന്‍.ഐ.ടി.), രഞ്ജിത് രാജ് കെ.ജി. (മാസ്റ്റര്‍ ട്രെയിനര്‍) എന്നിവര്‍ ക്ലാസ് നയിച്ചു. ദര്‍ശനം പരിസ്ഥിതി വേദി കണ്‍വീനര്‍ രമേഷ് ബാബു പി. ആശംസകള്‍ അറിയിച്ചു. ദേശീയ ഹരിത സേന ജില്ലാ കോര്‍ഡിനേറ്റര്‍ പി. സിദ്ധാര്‍ത്ഥന്‍ ഇക്കോക്ലബ്ബുകളുടെ പുതിയ പ്രവര്‍ ത്തനങ്ങള്‍ വിശദീകരിച്ചു. ഡോ. എം.കെ. രവിവര്‍മ്മ (ഹെഡ്, ഫിസിക്‌സ് വിഭാഗം, എന്‍.ഐ.ടി.) സ്വാഗതവും കെ.പി.യു. അലി നന്ദിയും പറഞ്ഞു.