കാലുമാറി ശസ്ത്രക്രിയ: ആശുപത്രിക്കെതിരെ കുടുംബം പരാതി നല്‍കി

Kozhikode

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന വീട്ടമ്മയുടെ കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കുടുംബം ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി. ഇടതുകാലിനേറ്റ പരുക്കിന് ചികിത്സ തേടിയെത്തിയ സ്ത്രീക്ക് വലതുകാലിന് ശസ്ത്രക്രിയ നടത്തിയത് വിവാദമായിരുന്നു. കക്കോടി ശശീന്ദ്ര ബാങ്കിനുസമീപത്തെ നക്ഷത്ര ഹൗസില്‍ സജ്‌ന സുകുമാരന്‍ (60) കാലുമാറി ശസ്ത്രക്രിയയ്ക്കിരയായത്. ശസ്ത്രക്രിയ നടത്തിയ നാഷണല്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ ആരോഗ്യമന്ത്രി, ഡി.എം.ഒ, നടക്കാവ് പൊലീസ്, മനുഷ്യാവകാശകമ്മീഷന്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. അതേസമയം ശസ്ത്രക്രിയയില്‍ വീഴ്ചയൊന്നും പറ്റിയിട്ടില്ലെന്നും ഇരുകാലിനും പരുക്കുള്ളതിനാല്‍ ആദ്യം വലതുകാലിന് ശസ്ത്രക്രിയ നടത്തുകയായിരുന്നെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഒരുവര്‍ഷം മുമ്പ് വീട്ടിലെ വാതിലിനുള്ളില്‍ ഇടതുകാല്‍കുടുങ്ങി ഞരമ്പിന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ചികിത്സയിലെത്തിയതാണ് സജ്‌ന. നാട്ടിലെ ആശുപത്രികളില്‍ നടത്തിയ ചികിത്സ ഫലപ്രദമാകാത്തതിനെത്തുടര്‍ന്നാണ് നാഷണല്‍ ഹോസ്പിറ്റലിലെത്തിയത്. ആശുപത്രിയിലെ ഓര്‍ത്തോ മേധാവിയായ ഡോ. ബഹിര്‍ഷാനാണ് സജ്‌നയെ പരിശോധിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച ശസ്ത്രക്രിയക്ക്
ഡേറ്റ് നല്‍കി. സര്‍ജറികഴിഞ്ഞ ശേഷമാണ് ഇടതുകാലിന് പകരം വലതുകാലിനാണ് സര്‍ജറി നടത്തിയതെന്ന് സജ്‌ന അറിഞ്ഞതെന്ന് മകള്‍ ഷിംമ്‌ന സുകുമാരന്‍ പറഞ്ഞു. സാധാരണഗതിയില്‍ വലിയ ഗുരുതരമായ സര്‍ജറിയല്ലാതിരുന്നിട്ടും തിങ്കളാഴ്ച അമ്മയെ പുറത്തിറക്കിയില്ല. അമ്മ ഡോക്ടര്‍ക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ് ബഹളം വെച്ചശേഷം ചൊവ്വാഴ്ചയാണ് വാര്‍ഡിലേക്ക് മാറ്റിയത്. സംഭവത്തില്‍ അബദ്ധംപറ്റിയതായി ഡോക്ടര്‍ അമ്മയോടും അച്ഛനോടും സമ്മതിച്ചതായും പറഞ്ഞിട്ടുണ്ടെന്നും മകള്‍ പറഞ്ഞു.

എന്നാലിപ്പോള്‍ റിപ്പോര്‍ട്ടുകളെല്ലാം ആശുപത്രിയുടെ കൈവശമായതിനാല്‍ അവര്‍ എല്ലാം തിരിത്തിയെഴുതുന്ന സാഹചര്യമുണ്ടായപ്പോഴാണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചതെന്നും ഷിമ്‌ന പറഞ്ഞു. അമ്മയ്ക്ക് വലതുകാലിനും പരിക്കുണ്ടെന്നും അത് ആദ്യം ചെയ്യുകയാണെന്നുമാണ് ഇപ്പോള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ അമ്മയുടെ വലതുകാലിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഉണ്ടെങ്കില്‍ അതുസംബന്ധിച്ച സ്‌കാനിംഗ് റിപ്പോര്‍ട്ട് കാണിക്കട്ടേയെന്നും മകള്‍ പറഞ്ഞു.. അതേസമയം സര്‍ജറിയില്‍ അപാകതകളൊന്നുമുണ്ടായിട്ടില്ലെന്നും ബന്ധുക്കളെ അറിയിച്ച് ഒപ്പുവാങ്ങിയശേഷമാണ് വലതുകാലിന് സര്‍ജറിനടത്തിയതെന്നും നാഷണല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയരക്ടര്‍ ഡോ.കെ.എം.ആഷിക് പ്രസ്താവനയില്‍ പറഞ്ഞു. ഇരുകാലുകള്‍ക്കും പരിക്കുകളോടെയാണ് സജ്‌ന ആശുപത്രിയിലെത്തിയത്. വലതുകാലിലെ പരുക്കാണ് ആദ്യം സര്‍ജറി ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ടാണ് അത്തരത്തില്‍ സര്‍ജറിചെയതതെന്നും അത് സജ്‌നയുടെ ഭര്‍ത്താവിനെ ബോധ്യപ്പെടുത്തി ഒപ്പുവാങ്ങിയിരുന്നെന്നും ആഷിക് പത്രക്കുറിപ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *