കോഴിക്കോട്: ‘ ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം’ എന്ന മുദ്രാവാക്യവുമായി ആരംഭിച്ച പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾ ഒരു വർഷം പൂർത്തിയാക്കി. ഫൗണ്ടേഷന്റെ ഒന്നാം വാർഷികാഘോഷ പരിപാടി കവി പി കെ ഗോപി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡൻറ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. ദേശീയ കർഷക പുരസ്കാര ജേതാവ് കെ ബി ആർ കണ്ണൻ പയ്യന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി സെഡ് എ സൽമാൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ശോഭീന്ദ്ര വനം പദ്ധതിയിലേക്കായി സൗജന്യമായി നൽകുന്ന വൃക്ഷത്തൈകളുടെ വിതരണം ഡോ. ദീപേഷ് കരിമ്പുങ്കര നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എൽസമ്മ വർഗീസ്, ഫൗണ്ടേഷൻ ജോ. സെക്രട്ടറി സരസ്വതി ബിജു, വൈസ് പ്രസിഡൻറ് ഷജീർഖാൻ വയ്യാനം, എകെ ഗ്രീജേഷ്, അഹമ്മദ് ബറാമി തുടങ്ങിയവർ സംസാരിച്ചു.
2024 ജൂൺ അഞ്ചിന് പ്രവർത്തനമാരംഭിച്ച ഫൗണ്ടേഷൻ അന്നുമുതൽ ഒരാഴ്ചക്കാലം ശോഭീന്ദ്ര വാരമായി ആചരിച്ചു. വയനാട്ടിൽ വെച്ച് നടന്ന ശോഭീന്ദ്ര വര എന്ന ചിത്രരചന, 500 കേന്ദ്രങ്ങളിൽ അമ്മു എന്ന പരിസ്ഥിതി ഹ്രസ്വ ചിത്രത്തിൻറെ പ്രദർശനം, പരിസ്ഥിതി പ്രശ്നോത്തരി, പരിസ്ഥിതി സംഗമം, അനുസ്മരണം, ശോഭീന്ദ്ര വൃക്ഷം തുടങ്ങിയവ ഇതിൻറെ ഭാഗമായി നടന്നു. പ്രൊഫ. ശോഭീന്ദ്രന്റെ ഒന്നാമത് ഓർമ്മദിനം മുണ്ടക്കൈ ചൂരൽ മലയിൽ പ്രളയത്തെ അതിജീവിച്ച ആൽമരത്തിന് സമീപം ആചരിച്ചു.
ജില്ലയിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും വീടുകൾ മാലിന്യമുക്തമാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിക്ക് നേതൃത്വം നൽകി. പന്ത്രണ്ടായിരത്തിലേറെ ഹരിത ഭവനങ്ങൾ തീർത്തു. കടലുണ്ടി കണ്ടൽക്കാടുകളിലേക്കും പയ്യന്നൂർ ജൈവ കർഷകന്റെ കൃഷിയിടത്തിലേക്കും ഹരിത യാത്രകൾ നടത്തി. അടുത്ത ഒരു വർഷം വ്യത്യസ്തമായ വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് സംഘടന രൂപം നൽകിയിട്ടുണ്ട്.