ഇറാഖില്‍ നിന്ന് പുതിയ വാര്‍ത്തകളുമായി ആസാദ് അലി അത്തി കോഴിക്കോട്ടെത്തി

Sports

എ വി ഫര്‍ദിസ്

കോഴിക്കോട്: ഇപ്പോള്‍ പൂര്‍ണ സമാധാനം, പഴയ കാലത്തേക്ക് തിരിഞ്ഞു നോക്കാതിരിക്കുകയാണ്, ഇനി നിങ്ങള്‍ വരും കാലത്ത് കാണാനും കേള്‍ക്കാനും പോകുന്നത് പുതിയ ഇറാഖിനെക്കുറിച്ചായിരിക്കും
ഇതു പറയുമ്പോള്‍, നിരാശയല്ല തീര്‍ത്തും പ്രതീക്ഷ നിറഞ്ഞ കണ്ണുകളാണ് ആസാദ് അലി അത്തിയെന്ന അറുപതിനോടടുത്തു പ്രായമുള്ള ഇറാഖുകാരന്റെ മുഖത്ത് ഇപ്പോള്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്.
യുദ്ധവും കലാപവുമെല്ലാം മാറ്റിമറിച്ച ഇറാഖില്‍ നിന്ന് പുതിയ അനേകം നല്ല വാര്‍ത്തകളുമായാണ് ഇദ്ദേഹം കോഴിക്കോട്ടെത്തിയത്. 35 മത് അന്തര്‍ദേശീയ ഫുട്ട് വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇറാഖ് ടീമുമായി മത്സരിക്കുവാനെത്തിയതാണ് ആസാദ് അലി അത്തി.

സദ്ദാമിന്റെ കാലത്തും അതിനു ശേഷവുമുള്ള സമയത്തുമെല്ലാം ഇറാഖിലും ജര്‍മനിയിലുമായാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. 2007 മുതല്‍ ഫുട്‌ബോള്‍ കോച്ചായിരുന്ന ഇദ്ദേഹം. ഇറാഖ് ഫുട്ബാള്‍ അക്കാദമി കോച്ചാണ്. 2017 ലാണ് ഫുട് വോളിയിലേക്ക് തിരിയുന്നത്. ഇപ്പോള്‍ ഇറാഖ് ടീമിന്റെ ചീഫ് കോച്ചാണ് ഇദ്ദേഹം. ഇറാഖില്‍ ഫുട് വോളിക്ക് പ്രചാരം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതാദ്യമായാണ് ഒരന്തര്‍ദേശീയ മത്സരത്തിന് തങ്ങള്‍ ടീമുമായി വരുന്നതെന്ന് ഇദ്ദേഹം പറഞ്ഞു. ബാഗ്ദാദില്‍ നിന്നുള്ള അലി ജലീല്‍, അബ്ദുറഹിമാന്‍ എന്നിവരാണ് ടീം അംഗങ്ങള്‍. ഈ വര്‍ഷം ഒരു ഫുട് വോളി ലീഗ് മത്സരം ഇറാഖില്‍ സംഘടിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. അടുത്ത ഇന്റര്‍നാഷണല്‍ ചാംപ്യന്‍ഷിപ്പില്‍ ഇറാഖ് വനിതാ ടീമിനെ കൂടി തങ്ങള്‍ അണിനിരത്തുമെന്നാണ് ഇദ്ദേഹം പറയുന്നത്.

യുദ്ധവും അഭ്യന്തര കലാപവുമെല്ലാം മാറ്റിമറിച്ച ഇറാഖിന്റെ ഭൂമികയില്‍ ഇപ്പോള്‍ കായിക ഇനങ്ങളോടെല്ലാം ആളുകള്‍ കൂടുതല്‍ താല്‍പര്യം കാണിച്ചു വരുന്നുവെന്നാണ് ആസാദ് അലി പറയുന്നത്. സഊദി അടക്കം പങ്കെടുത്ത അറബിക്ക് ഗോള്‍ഫ് ടൂര്‍ണമെന്റ് കഴിഞ്ഞ മാസമാണ് ഇറാഖില്‍ വെച്ച് നടന്നത്.

ഇറാഖ് മാത്രമല്ല, സഊദി അറേബ്യ, യു എ ഇ, ടുണീഷ്യ, മൊറാക്കോ, അള്‍ജീരിയ, സിറിയ തുടങ്ങിയ അറേബ്യന്‍ രാജ്യങ്ങളിലെല്ലാം ഫുട് വോളിക്ക് പ്രചാരം കൂടികൊണ്ടിരിക്കുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. അസര്‍ബൈജാന്‍കാരനായ അഫ്ഗാന്‍ അദ് ജേജ് ഹജി എന്ന ഫുട് വോളി വേള്‍ഡ് വൈഡിന്റെ സെക്രട്ടറി ജനറലുമായുള്ള യാദൃച്ഛികമായുള്ള ഒരു കൂടിക്കാഴ്ചയില്‍ നിന്നാണ് ഫുട്‌ബോളില്‍ നിന്ന് ഫുട് വോളിയിലേക്ക് ഇദ്ദേഹം വഴി മാറിയത്. ടൂര്‍ണമെന്റ് നടത്തിപ്പിനായി അദ്ദേഹവും കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയിട്ടുണ്ട്.

ഇന്ത്യ, അസര്‍ബൈജാന്‍, വിയറ്റ്‌നാം, റുമാനിയാ ,ഫ്രാന്‍സ്, ഇറാഖ്, ബംഗ്ലാദേശ്, യു.ഏ.ഇ , നേപ്പാള്‍, ഇന്ത്യ തുടങ്ങിയ വിദേശ രാജ്യങ്ങളാണ് മത്സരിക്കുവാനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *