കോഴിക്കോട്: നഗരത്തില്‍ ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. കുറ്റിച്ചിറ മുതിരപറമ്പത്ത് മമ്മദ് കോയ (72), ഭാര്യ കുറ്റിച്ചിറ എറമാക്ക വീട്ടില്‍ സുഹറാബി (62) എന്നിവരാണ് മരിച്ചത്. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിന് മുന്നില്‍ വൈകീട്ട് ആറോടെയായിരുന്നു അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ ഡിവൈഡറില്‍ തട്ടിയ ബൈക്ക് പിന്നാലെ വന്ന കെ എസ് ആര്‍ ടി സി ബസിനു മുന്നിലേക്ക് വീഴുകയും ബസ് ഇവരുടെ മുകളിലൂടെ കയറിയിറങ്ങുകയുമായിരുന്നുവെന്നും ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്.
എന്നാല്‍ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ ബസ് ഇവരെ ഇടിച്ചിടുകയായിരുന്നെന്നും അതറിയാതെ ബസ് മുന്നോട്ടെടുത്തപ്പോഴാണ് പിന്‍ ചക്രം ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയതെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കുറ്റിയാടി തൊട്ടില്‍പ്പാലം കെ.എസ്.ആര്‍.ടി.സിയാണ് അപകടമുണ്ടാക്കിയത്. സംഭവം കണ്ട് കൊണ്ടിരുന്ന വിദ്യാര്‍ത്ഥിനി സംഭവസ്ഥലത്ത് കുഴഞ്ഞ് വീഴുകയും ചെയ്തു. ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ബീച്ച് ഫയര്‍ഫോഴ്‌സ എത്തി റോഡ് കഴുകി വൃത്തിയാക്കി. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
മയ്യത്ത് നമസ്‌ക്കാരം ശനിയാഴ്ച്ച വൈകുന്നേരം 4:30ന് കണ്ണംപറമ്പ് പള്ളിയില്‍ നടക്കുന്നതാണ്.
മക്കള്‍: ജമാദ് ഉസ്മാന്‍ (എമിറേറ്റ്‌സ് ഫസ്റ്റ്), ജഫ്‌ന, ജൈസല്‍, ജലീസ, അഹ്‌ലന്‍. മരുമക്കള്‍: പന്തക്കലകം മാമു, പി വി ഷിജില്‍, മണക്കാന്റെകം ഷിറിന്‍, പുതിയകം ഫറ, ആയിരാം വീട്ടില്‍ സൂഫ.