റാംപ്-ബിഡിഎസ് പി സംസ്ഥാനതല പരിശീലനംമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: റൈസിംഗ് ആന്‍ഡ് ആക്സിലറേറ്റിംഗ് എംഎസ്എംഇ പെര്‍ഫോര്‍മന്‍സ്(റാംപ്) പദ്ധതിയുടെ ഭാഗമായി നിയമിച്ച ബിസിനസ് ഡവലപ്മെന്‍റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കുള്ള (ബിഡിഎസ് പി) പരിശീലനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വ്വഹിച്ചു. ലോക ബാങ്ക് പിന്തുണയോടെ കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയവും സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് റാംപ്.

തിരുവനന്തപുരം ഐഎംജിയില്‍ നടന്ന പരിശീലന പരിപാടിയില്‍ ബിഡിഎസ് പിമാരുമായി സംവദിച്ച മന്ത്രി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ബിഡിഎസ് പിമാര്‍ നല്‍കേണ്ട സഹായങ്ങളെയും ഉപദേശങ്ങളെയും കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ് പി., അഡീഷണല്‍ ഡയറക്ടര്‍ രാജീവ് ജി., ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ശരത് വി.എസ്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍റപ്രണര്‍ഷിപ്പ് ഡവലപ്മെന്‍റ് സിഇഒ സജി എസ് എന്നിവര്‍ സംബന്ധിച്ചു.

റാംപ് പദ്ധതിയുടെ ഭാഗമായി എംഎസ്എംഇകള്‍ക്ക് വേണ്ട സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതിനായി 500 ബിസിനസ് ഡവലപ്മെന്‍റ് സര്‍വീസ് പ്രൊവൈഡര്‍മാരെയാണ് തദ്ദേശ സ്ഥാപന തലത്തില്‍ സര്‍ക്കാര്‍ നിയമിച്ചത്. റാംപിന്‍റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന പരിപാടികളിലും എംഎസ്എംഇകളെ പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നത് ബിഡിഎസ് പിമാരായിരിക്കും. ദേശീയ, സംസ്ഥാന തലത്തില്‍ സര്‍ക്കാരുകള്‍ രൂപീകരിക്കുന്ന വ്യവസായ സൗഹൃദ നയങ്ങള്‍ ഫീല്‍ഡ് തലത്തില്‍ ഓരോ എംഎസ്എംഇയിലേക്കും എത്തിക്കുകയെന്നതാണ് ഇവരുടെ പ്രധാന കര്‍ത്തവ്യം.

എംഎസ്എംഇ സംരംഭങ്ങളുടെ മത്സരക്ഷമതയും കാര്യശേഷിയും വര്‍ധിപ്പിക്കുകയാണ് റാംപ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ദേശീയ, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കി വരുന്ന എംഎസ്എംഇ പദ്ധതികളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക, എംഎസ്എംഇകള്‍ക്കിടയില്‍ നവീന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ആശയവിനിമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക, എം.എസ്.എം.ഇ ഉത്പന്നങ്ങള്‍ക്ക് വിപണി വര്‍ദ്ധിപ്പിക്കുക, വായ്പാ ലഭ്യത ഉറപ്പുവരുത്തുക, സംരംഭങ്ങള്‍ക്കിടയില്‍ ഹരിതവത്കരണ രീതികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ റാംപ് പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

സംസ്ഥാന വ്യവസായ വകുപ്പ് സമര്‍പ്പിച്ച റാംപ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാനിന് (എസ്ഐപി) 2024 ജനുവരിയില്‍ കേന്ദ്ര അംഗീകാരം ലഭിച്ചു. ഇതില്‍ പരാമര്‍ശിക്കുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി 107.71 കോടി രൂപയുടെ ഗ്രാന്‍റ് എംഎസ്എംഇ മന്ത്രാലയം അനുവദിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ 37.07 കോടി രൂപയുടെ സംസ്ഥാന വിഹിതത്തിനും അംഗീകാരം നല്‍കി.

മിഷന്‍ 1000 യൂണിറ്റുകള്‍ക്കുള്ള ഡിപിആര്‍ സഹായം, എം.എസ്.എം.ഇ.കള്‍ക്ക് ബിസിനസ് എക്സിക്യൂട്ടീവ്സ് വഴി ഹാന്‍ഡ്ഹോള്‍ഡിങ്, ഇറക്കുമതി ബദല്‍ പഠനവും സ്ട്രാറ്റജിക് പ്ലാന്‍ തയ്യാറാക്കലും, എം.എസ്.എം.ഇ-ടെക്നോളജി ക്ലിനിക്കുകള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവ ഇതിന്‍റെ ഭാഗമായി വരും. ഈ പദ്ധതികളുടെ ആസൂത്രണവും നടപ്പാക്കലും സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്‍റെ നേതൃത്വത്തില്‍ ഈ വര്‍ഷം ജനുവരിയില്‍ ആരംഭിച്ചു.