കുന്ദമംഗലം: ജനാധിപത്യത്തിൻ്റെ ബാല പാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി ചേനോത്ത് ഗവ: സ്ക്കൂളിൽ നടന്ന പാർലമെൻ്റ് ഇലക്ഷൻ ആവേശഭരിതമായി. വോട്ടെണ്ണൽ കഴിയുന്നത് വരെ ആകാംക്ഷയുടെ മുൾമുനയിൽ നിന്ന വിദ്യാർത്ഥികൾ ഫല പ്രഖ്യാപനം ജയ് വിളികളോടെയാണ് എതിരേറ്റത്. നാമനിർദ്ദേശ പത്രിക സമർപ്പണം , സൂക്ഷ്മ പരിശോധന , പത്രിക സ്വീകരിക്കൽ , പിൻവലിക്കൽ , ചിഹ്നം അനുവദിക്കൽ , പ്രചാരണം , പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കൽ , പോളിംഗ് സാമഗ്രികൾ ശേഖരിക്കൽ , ഇലക്ട്രോണിക് വോട്ടിംഗ്, പോട്ടെണ്ണൽ , വോട്ടർമാർക്ക് നന്ദി പറയൻ , സത്യപ്രതിജ്ഞ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലൂടെയും കടന്ന് പോയാണ് ഇലക്ഷൻ പ്രക്രിയ പൂർത്തിയാക്കിയത്. വാശിയേറിയ തെരഞ്ഞെടുപ്പിൽ നിഹാര സ്ക്കൂൾ ലീഡർ ആയും ആദി പി.എം ഡെപ്യൂട്ടി ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ സമിതി അംഗങ്ങളായ പ്രീത പീറ്റർ , അശ്വതി എൻ നായർ , കെ.പി. നൗഷാദ് , അനാമിക എന്നിവർ , സ്ക്കൂൾ ലീഡർ നിഹാര , ഡപ്യൂട്ടി ലീഡർ പി.എം. ആദി, ആദിദേവ് എന്നിവർ പ്രസംഗിച്ചു.