എസ്.പി.സി വിദ്യാർത്ഥികൾ സ്കൂളിലെ ലൈബ്രറിക്കായി 2000 പുസ്തകങ്ങൾ ശേഖരിച്ചു

Thiruvananthapuram

ഈ വർഷത്തെ വായനാചരണത്തിന്റെ ഭാഗമായി മാരായമുട്ടം ജി. എച്ച്.എസ്. സ്കൂളിലെ സ്റ്റുഡന്റസ് പോലീസ് വിദ്യാർത്ഥികൾ നല്ലൊരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നു.

എസ്.പി.സി അധ്യാപരുടെ പിന്തുണയോടു കൂടി കുട്ടികൾ സ്കൂളിന്റെ ലൈബ്രറിക്ക് വേണ്ടി 2000 പുസ്തകങ്ങൾ ആണ് ശേഖരിച്ചത്. പ്രദേശത്തെ വീടുകളിലെ ഷെൽഫിൽ പൊടിപിടിച്ചു ആരും എടുത്തു നോക്കാതെ സൂക്ഷിച്ചിരുന്നതും ഉപേക്ഷിച്ചതുമായ 2000 പുസ്തകങ്ങൾക്ക് പുതുജീവൻ നൽകിയിരിക്കുന്നു. പുസ്തകങ്ങൾ ശേഖരിക്കുക മാത്രമല്ല അതിനെ ഓരോ വിഭാഗങ്ങൾ ആയി വേർതിരിച്ചു ആണ് ലൈബ്രറിക്കു നൽകിയിരിക്കുന്നത്. കൂടാതെ പുസ്തകത്തെ കുറിച്ചും വായനയുടെ പ്രാധാന്യത്തെ കുറിച്ചും നാട്ടുകാർക്ക്‌ ബോധവൽക്കരണം നടത്താനും കുട്ടി പോലീസ് ശ്രമം നടത്തുകയാണ്.

മാരായമുട്ടം ജിഎച്ച്എസ് സ്കൂളിൽ വായനാചരണത്തിന്റെ സമാപനചടങ്ങിന്റെ ഭാഗമായി വിദ്യാർത്ഥികൾ ശേഖരിച്ച 2000 പുസ്തകങ്ങൾ ജില്ലാപഞ്ചായത്ത്‌ മെമ്പർ വി.എസ്.ബിനു ലൈബ്രറിയൻ രാജശ്രീക്ക് കൈമാറി.

”ഒരു വീട്ടിൽ ഒരു പുസ്തകപ്പുര” എന്ന പദ്ധതിക്ക് ആരംഭം കുറിച്ച് കൊണ്ട് സ്കൂളിൽ വായനാശീലം ഉള്ള അലീന എന്ന വിദ്യാർത്ഥിനിക്ക് ഹെഡ്മിസ്ട്രെസ് ഇരുപത് പുസ്തകങ്ങൾ നൽകി.

ഓരോ വർഷവും സ്കൂൾ ലൈബ്രറിയിൽ നിന്നു ഏറ്റവും കൂടുതൽ പുസ്തകം എടുത്തു വായിക്കുന്ന കുട്ടിക്ക് സമ്മാനം നൽകുമെന്നും ഹെഡ്മിസ്ട്രസ് ഷിസി.എസ് അറിയിച്ചു.

എസ്. പി. സി നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എസ്.എം.സി. ചെയർമാൻ സജികുമാർ, പി.ടി.എ പ്രസിഡന്റ്‌ സുരേഷ്, പി.ടി.എ മെമ്പർ സുമേഷ്, സീനിയർ അസിസ്റ്റന്റ് നന്ദിനി.പി.ആർ, ജയലക്ഷ്‌മി, വത്സല ലത, എസ്.പി.സി ചാർജുള്ള സി.പി.ഒ. ഡോ. സൗധീഷ് തമ്പി, എ.സി.പി.ഒ സ്മിത എന്നിവർ പങ്കെടുത്തു.

കുട്ടികളിലെ വായനാശീലം വളർത്തി നല്ലൊരു തലമുറയെ വാർത്തെടുക്കാൻ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകി അവരുടെ ഒപ്പം നിൽക്കുന്ന അധ്യാപകർ തീർച്ചയായും വിദ്യാർത്ഥികൾക്ക് ഒരു മുതൽക്കൂട്ടാണ്.
മാരായമുട്ടം ജി. എച്ച്. എസ് സ്കൂളിനെ മാതൃകയാക്കി എല്ലാ വിദ്യാലയങ്ങളിലും ഇതുപോലെയുള്ള നല്ല ആശയങ്ങളും പദ്ധതികളും നടപ്പിലാക്കാൻ കഴിയട്ടെ.