ജാതീയ വിഷം വമിപ്പിക്കുന്നവരെ കരുതിയിരിക്കണം: കെഎൻഎം ജില്ലാ സംഗമം

Kannur

കണ്ണൂർ: സൗഹാർദ്ദപരമായി ജീവിക്കുന്ന കേരളീയ മനസ്സുകളിലേക്ക് ജാതീയതയും വർഗീയതയും പ്രസരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാൻ ശ്രമിക്കുന്ന വിദ്വേഷ പ്രചാരകരെ തിരിച്ചറിയണമെന്ന് കെ എൻ എം സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച ജില്ല പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു. മുസ്ലിം സമുദായം അനർഹമായി പലതും നേടിയെന്നും രാഷ്ട്രീയ തീരുമാനങ്ങളിൽ മതം ഇടപെടുന്നു എന്നുമൊക്കെയുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണ്. ഉദ്യോഗസ്ഥ തലത്തിലും ജീവിതനിലവാരത്തിലും ഇപ്പോഴും പിന്നോക്കം നിൽക്കുന്നവരാണ് മുസ്ലിം സമുദായം. . അർഹമായ സംവരണവും പരിഗണനയും നൽകി സമുദായത്തെ ചേർത്തുപിടിക്കുന്നതിനുപകരം, ജാതീയത ഇളക്കിവിട്ടു കൊണ്ട് സമുദായ സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങളെ മുഴുവൻ മനുഷ്യസ്നേഹികളും ഒറ്റക്കെട്ടായി എതിർക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. കെ എൻ എം സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ ശാഖാ തല ഫാമിലി മീറ്റുകൾ സംഘടിപ്പിക്കും. പവിത്രമാണ് കുടുംബം പരിശുദ്ധമാണ് ബന്ധങ്ങൾ എന്ന വിഷയത്തിൽ ഗൃഹസമ്പർക്ക പരിപാടികളും പൊതുയോഗങ്ങളും പഠന ക്യാമ്പുകളും സംഘടിപ്പിക്കും. ആരോഗ്യ വിഭാഗമായ ഐ എം ബി യുടെ നേതൃത്വത്തിൽ വിവിധ സന്നദ്ധ പ്രവർത്തനങ്ങൾ സജീവമാക്കും. എംജിഎ മ്മിന്റെ നേതൃത്വത്തിൽ സപ്തംബർ 28ന് കണ്ണൂരിൽ ജില്ലാ ഫാമിലി മീറ്റ് സംഘടിപ്പിക്കും. യുവജനവിഭാഗമായ ഐ എസ് എമ്മിന്റെ നേതൃത്വത്തിൽ ആദർശ പാഠശാല സംഘടിപ്പിക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട എട്ട് കേന്ദ്രങ്ങളിൽ മണ്ഡലം തല ഫാമിലി മീറ്റുകൾ സംഘടിപ്പിക്കും.
.കെ എൻ എം ജില്ലാ പ്രസിഡൻറ് പി കെ ഇബ്രാഹിം ഹാജി അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി ഡോ. സുൽഫിക്കർ അലി ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇസ്ഹാഖലി കല്ലിക്കണ്ടി, ഡോ എ എ ബഷീർ, അബ്ദുറഹ്മാൻ മാസ്റ്റർ ഉളിയിൽ, റഷീദ് ടമ്മിട്ടോൺ, മഹമൂദ് വാരം, ഇ.അലി ഹാജി കടവത്തൂർ, കെ നിസാമുദ്ദീൻ, ഡോ അബ്ദുറഹ്മാൻ കൊളത്തായി,യാകൂബ് എലാങ്കോട്, സി എച്ച് ഇസ്മായിൽ ഫാറൂഖി, ടി അഷ്‌റഫ്‌ മാസ്റ്റർ, കബീർ കരിയാട്, ഷംസീർ കൈതേരി,ടി വി അൻസാർ മാസ്റ്റർ, നിഷാൻ ടമ്മിട്ടോൺ,സഫ് വാൻ ചാലാട്,ശരീഫ ടീച്ചർ, വി പി കെ അബ്ദുറഹ്‌മാൻ, പി അബ്ദുൽ ഗഫൂർ, ഇരിക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു.