മുംബൈ സബ് അര്‍ബന്‍ ട്രെയിന്‍ ബോംബിംഗ്,മാലേഗാവ് കേസുകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Opinions

വി ആര്‍ അജിത് കുമാര്‍

189 പേര്‍ കൊല്ലപ്പെട്ട 2006 ലെ മുംബൈ ട്രെയിൻ ബോംബിംഗ്,ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത് 2008 ലെ മാലേഗാവ് സ്ഫോടന കേസ് എന്നിവയിലെ നീണ്ട വിചാരണകളും പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധികളും ഇന്ത്യയുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ പാളിച്ചകളാണ് തുറന്നുകാട്ടുന്നത്. നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെടുകയോ അംഗഭംഗം സംഭവിക്കുകയോ കുടുംബങ്ങൾ മഹാദുരിതത്തിലേക്കും നിതാന്ത ദു:ഖത്തിലേക്കും നീങ്ങുകയും ചെയ്തപ്പോഴും ജീവിച്ചിരിക്കുന്നവര്‍ പ്രതീക്ഷ അര്‍പ്പിച്ചത് നമ്മുടെ നിയമവ്യവസ്ഥയിലായിരുന്നു.എന്നിട്ട് അവർക്ക് ലഭിച്ചത് അനന്തമായ നടപടിക്രമ കാലതാമസവും ഒടുവില്‍ പ്രതികളില്ലാത്ത അവസ്ഥയും.ഇത് എന്ത് അന്വേഷണ പ്രക്രിയ, എന്ത് വിചാരണ, എന്ത് വിധി എന്ന് പാവങ്ങള്‍ തലയില്‍ കൈവച്ചു കേഴുമ്പോളും ദുര്‍ബ്ബലനെ പരിഹസിക്കുകയും ശക്തനെ സംരക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ സംവിധാനങ്ങളെ നോക്കി യഥാര്‍ത്ഥ പ്രതികള്‍ ചിരിക്കുന്നുണ്ടാകും.

കുറ്റവിമുക്തരാക്കലുകൾ, ജാമ്യം അനുവദിക്കൽ, പ്രധാന പ്രതികൾ എന്ന് സംശയിക്കുന്നവര്‍ ജനപ്രതിനിധികള്‍ വരെയായ അവസ്ഥ, ജുഡീഷ്യൽ സംവിധാനം അനുവദിച്ചു നല്‍കിയ ദയ എന്നിവ അസ്വസ്ഥമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. പ്രാരംഭ കുറ്റാരോപണങ്ങൾ ദുർബലമായിരുന്നോ, തെളിവുകൾ കെട്ടിച്ചമച്ചതാണോ, അതോ നിയമ വ്യവസ്ഥ കേസുകൾ ന്യായമായ ഒരു തീര്‍പ്പിലെത്താന്‍ അനുഗുണമല്ലാത്ത വിധം ദുര്‍ബ്ബലമോ ?

പോലീസ് സത്യസന്ധതയോടെ അന്വേഷിക്കുന്നതിൽ പരാജയപ്പെടുകയും, തെളിവുകൾ ഒരിക്കൽ ശക്തമാണെന്ന് തോന്നിയിടത്ത് കോടതികൾ ശിക്ഷിക്കാൻ മടിക്കുകയും ചെയ്യുമ്പോൾ, നീതി തന്നെ ഇരയായി മാറുന്നു. ഇത് നല്‍കുന്ന സൂചനകള്‍ അപകടകരമാണ്: ഭീകരവാദ കേസുകൾ പോലും രാഷ്ട്രീയവൽക്കരിക്കാനോ, കൃത്രിമം കാണിക്കാനോ, അല്ലെങ്കിൽ കടലാസിലും സമയത്തിലും നിശബ്ദമായി കുഴിച്ചുമൂടാനോ കഴിയും എന്നത് പൊതുസമൂഹത്തെ നിരാശപ്പെടുത്തുന്നു.

ഇത്തരം ഗുരുതരമായ കേസുകളിൽ ഇതാണ് വിധിയെങ്കില്‍ ആര്‍ക്ക് ആരോടാണ് ഉത്തരവാദിത്തം എന്ന ചോദ്യം മുന്നോട്ടുവച്ച് പാര്‍ലമെന്‍റ് ഇത് സംബ്ബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണം.നമ്മുടെ അന്വേഷണ രീതികളും നിയമവ്യവസ്ഥകളും തിരുത്തിയെഴുതണം. ഒരു അപരാധിയും രക്ഷപെടാത്ത പഴുതുകളില്ലാത്ത സംവിധാനമുണ്ടാകണം.നീതി വൈകുന്നു എന്നത് മാത്രമല്ല ഇവിടെ സംഭവിക്കുന്നത് നീതിയെ പരിഹസിക്കുക കൂടിയാണ് എന്ന് ഈ കേസ്സുകള്‍ ഓര്‍മ്മിപ്പിക്കുന്നു.