കടവത്തൂർ : കാൻസറിൻ്റെ തീരാ വേദനകൾ കൊണ്ട് ദുരിതം പേറുന്ന നിർദ്ധന രോഗികൾക്ക് കാരുണ്യ സ്പർശമായി മാറുകയാണ് കടവത്തൂർ പി കെ എം ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥി ദ്രാവൺ മനോജ്. ബി ഐ ആർ കെ ഹെയർ ബാങ്കിലേക്ക് മുടി ദാനം ചെയ്തുകൊണ്ടാണ് ദ്രാവൺ മനോജ് മറ്റു വിദ്യാർത്ഥികൾക്ക് മാതൃകയാവുന്നത്. താൻ വളർത്തി വലുതാക്കിയ തൻ്റെ മുടി ഇത് രണ്ടാം തവണയാണ് കാൻസർ രോഗികൾക്ക് ദാനം ചെയ്യുന്നത്.
കടവത്തൂർ കുറൂളിക്കാവിനടുത്ത് പീറ്റയുള്ളതിൽ സുബിഷയുടെയും പരേതനായ മനോജിന്റെയും മകനാണ് സ്കൗട്ട് വിദ്യാർത്ഥി കൂടിയായ ദ്രാവൺ. അഭിമന്യു മനോജ്, മാളവിക മനോജ് എന്നിവർ സഹോദരങ്ങളാണ്. സ്കൗട്ട് രക്ഷാകർതൃ സംഗമത്തിൽ ദ്രാവൺ മനോജിനെ പ്രധാനാധ്യാപകൻ പി റമീസ് അനുമോദിച്ചു. സി എച്ച് ലിനിഷ, എ കെ നിഷാദ് എന്നിവർ പ്രസംഗിച്ചു.