കല്പറ്റ: കാലങ്ങള്‍ക്ക് മുമ്പേ കാടിന്റെ തണലില്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങളുമായി കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ കുടുംബശ്രീ കേളി ഫെസ്റ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു. വ്യത്യസ്തങ്ങളായ ഇരുപതിലധികം സ്റ്റാളുകളാണ് കേളി ഫെസ്റ്റില്‍ കുടുംബശ്രീ അണിനിരത്തിയിരിക്കുന്നത്. കാട്ടുകിഴങ്ങുകളെയും പരിചയപ്പെടുത്തുന്ന നൂറാങ്ക ഇതിലൊരു വിസ്മയമാണ്. തിരുനെല്ലി ഇരുമ്പുപാലം കോളനിയില്‍ നിന്നുള്ള ഗോത്ര സമുദായത്തിന്റെ നേതൃത്വത്തിലുള്ള ജെ.എല്‍.ജി നൂറാങ്കയാണ് നൂറോളം കിഴങ്ങുവര്‍ഗ്ഗങ്ങളെ സ്റ്റാളില്‍ പരിചയപ്പെടുത്തുന്നത്. നാരക്കിഴങ്ങ്, നൂറ, കാട്ടുചേന, തൂണ്‍ കാച്ചില്‍ തുടങ്ങി ഭക്ഷ്യയോഗ്യവും പോഷകദായകവുമായ കിഴങ്ങുകളുടെ ശേഖരം ഇവിടെയുണ്ട്. കാലത്തിന് അന്യമാകുന്ന ഈ കിഴങ്ങുവര്‍ഗ്ഗങ്ങളുടെ സംരക്ഷണവും പ്രചാരണവുമാണ് നൂറാങ്കയിലൂടെ ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്. കിഴങ്ങുകളുടെ വില്‍പ്പനയും ഇവിടെയുണ്ട്. പത്ത് പേരടങ്ങുന്ന നൂറാങ്ക കൂട്ടായ്മ ഈയടുത്താണ് പ്രദര്‍ശന വിപണന മേളകളില്‍ നേരിട്ടെത്തുന്നത്. തിരുവന്തപുരത്ത് നടക്കുന്ന വൈഗമേളയിലും വയനാട്ടിലെ കിഴങ്ങുവര്‍ഗ്ഗങ്ങളുമായി ഇവര്‍ പങ്കെടുക്കുന്നുണ്ട്. വിവിധ തരം നാടന്‍ ഭക്ഷ്യവിഭവങ്ങള്‍. അലങ്കാര വസ്തുക്കള്‍, മുളയില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയെല്ലാം കുടുംബശ്രീ വിപണനമേളയിലുണ്ട്. മാര്‍ച്ച് 4 വരെയുള്ള കേളി ഫെസ്റ്റിവലില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.