അഷറഫ് ചേരാപുരം
ദുബൈ: അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യം വിജയക്കുതിപ്പ് തുടരുന്നു. യു എ ഇയുടെ റാശിദ് ചാന്ദ്ര പര്യവേഷണ വാഹനം ഈ വരുന്ന ഏപ്രിലില്‍ ചന്ദ്രനിലെത്തുമെന്നാണ് പുതിയ വാര്‍ത്ത. റോവറിന്റെ യാത്ര രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11നാണ് യു എസിലെ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് റാഷിദ് വിക്ഷേപിച്ചത്.
പേടകം ഇപ്പോള്‍ ചന്ദ്രനിലേക്കുള്ള പാതയിലാണെന്നും 2023 ഏപ്രില്‍ അവസാനത്തോടെ ഷെഡ്യൂള്‍ ചെയ്ത ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കുമെന്നും ആഗോള ചാന്ദ്ര പര്യവേക്ഷണ കമ്പനിയായ ഐസ്‌പേസ് പറഞ്ഞു. ദുബൈയുടെ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ പേരാണ് ചാന്ദ്ര പര്യവേഷണ വാഹനത്തിന് നല്‍കിയത്. ചന്ദ്രന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് പര്യവേക്ഷണം നടത്താനാണ് റോവര്‍ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോണ്‍ കവചം, ചന്ദ്രനിലെ ദിവസം എന്നിവ പഠന വിധേയമാക്കും. ബഹിരാകാശ, ചാന്ദ്ര പര്യവേഷണങ്ങളില്‍ ഏറെ നിര്‍ണായക മുന്നേറ്റങ്ങള്‍ നടത്തിയിരിക്കയാണ് യു എ ഇ രാജ്യത്തിന്റെ സുല്‍ത്താന്‍ നയാദി എന്ന ബഹിരാകാശ സഞ്ചാരി ഉടന്‍ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടാനിരിക്കയാണ്.