കൊച്ചി: തമിഴ് സിനിമയില്‍ വ്യത്യസ്തങ്ങളായ ജീവിത ഗന്ധിയായ പ്രമെയങ്ങള്‍ക്ക് ദൃഷ്യാവിഷ്‌ക്കാരം നല്‍കി പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ സംവിധായകനാണ് ‘അഴകി’ ഫെയിം തങ്കര്‍ ബച്ചാന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാരതി രാജ, ഗൗതം വാസുദേവ് മേനോന്‍, യോഗി ബാബു, അദിതി ബാലന്‍ എന്നീ പ്രഗല്‍ഭരെ പ്രാധാന അഭിനേതാക്കളാക്കി തങ്കര്‍ ബച്ചാന്‍ ശക്തമായൊരു പ്രമേയത്തിന്റെ ചലച്ചിത്ര ആവിഷ്‌ക്കാരവുമായി എത്തുകയാണ് ‘കരുമേഘങ്കള്‍ കലൈകിന്‍ട്രന’ എന്ന സിനിമയിലൂടെ. ഷൂട്ടിംഗ് പൂര്‍ത്തിയായ ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് ഇന്ന് ഉലക നായകന്‍ കമലഹാസന്‍ റിലീസ് ചെയ്തു. സംവിധായകന്‍, ഭാരതി രാജ നിര്‍മ്മാതാവ് ദുരൈ വീരശക്തി എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.
‘ കരുമേഘങ്കള്‍ കലൈകിന്‍ട്രന ‘ തമിഴ് സിനിമയുടെ ചരിത്രത്തില്‍ ഒരു പ്രധാന സൃഷ്ടിയായിരിക്കും എന്ന് ഭാരതിരാജ കമല ഹാസനോട് പറഞ്ഞൂ. കഥയിലും തിരക്കഥയിലും അതിനോടുള്ള തങ്കര്‍ ബച്ചാന്റെ കരുതലോടെയുള്ള സമീപനവുമാണ് ആരോഗ്യം വക വെക്കാതെ തനിക്ക് ഈ സിനിമയില്‍ അഭിനയിക്കാന്‍ പ്രേരണ നല്‍കിയത് എന്നും അദ്ദേഹംകൂട്ടി ചേര്‍ത്തു. ഭാരതിരാജ തന്നെയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കമലഹാസന്‍ സംസാരിക്കവേ,…
‘ നമ്മുടെ സിനിമയുടെ അഭിമാനമായ ഭാരതിരാജ ഒരു സിനിമയെ ഇത്രത്തോളം പ്രശംസിച്ച് ഞാന്‍ കണ്ടിട്ടില്ല. അടുത്ത കാലത്തായി എന്നോട് സംസാരിക്കുമ്പോഴൊക്കെ ഈ സിനിമയെ (കരുമേഘങ്കള്‍കലൈകിന്‍ട്രന) കുറിച്ച് പറയും. ഈ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞ ശേഷം മാത്രമേ തനിക്ക് വിശ്രമമുള്ളൂ എന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. എത്രയും വേഗം സിനിമ കാണാനുള്ള ആകാംഷയിലാണ് ഞാനും… ‘ എന്ന് പറഞ്ഞു കൊണ്ട് തങ്കര്‍ ബച്ചാന് ഭാവുകങ്ങള്‍ നേര്‍ന്നു കമലഹാസന്‍.
‘കരുമേഘങ്കള്‍ കലൈകിന്‍ട്രന ‘ യുടെ അണിയറയില്‍ ഒട്ടേറെ പ്രഗത്ഭര്‍ അണി നിരക്കുന്നുണ്ട്. സംവിധായകന്‍ എസ്. എ. ചന്ദ്രശേഖര്‍ ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഹാന, സഞ്ജീവി, സംവിധായകന്‍ ആര്‍. വി. ഉദയ കുമാര്‍, പിരമിഡ് നടരാജന്‍, ഡല്‍ഹി ഗണേഷ് എന്നീ അഭിനേതാക്കളും ചിത്രത്തിലുണ്ട്. ഏകാമ്പരമാണ് ക്യാമറാമാന്‍, ബി.ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. കവി വൈരമുത്തുവും സംഗീത സംവിധായകന്‍ ജീ. വി. പ്രകാശ് കുമാറും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. വാവ്വ് (VAU) മീഡിയയുടെ ബാനറില്‍ ഡി. ദുരൈ വീര ശക്തിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി ആര്‍ ഒ: സി. കെ. അജയ് കുമാര്‍.