തീവില തടയൂ ജീവിക്കാനനുവദിക്കൂ; സി പി ഐ(എം എല്‍) റെഡ്സ്റ്റാര്‍ മാര്‍ച്ച് 11ന് പ്രതിഷേധ ദിനമായി ആചരിക്കും

Wayanad

കല്പറ്റ: തീവില തടയൂ ജീവിക്കാന്‍ അനുവദിക്കൂ എന്ന ആവശ്യമുന്നയിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടിക്കെതിരെ മാര്‍ച്ച് 11ന് സി പി ഐ (എം എല്‍) പ്രതിഷേധ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി പ്രകടനങ്ങള്‍, പോസ്റ്ററിംഗ്, യോഗങ്ങള്‍, സയാഹ്ന ധര്‍ണകള്‍ എന്നിവസംഘടിപ്പിച്ച് വിലക്കയറ്റത്തിനെതിരെ കാമ്പെയിന്‍ നടത്തും.

ജനങ്ങളെ ജീവിക്കാനനുവദിക്കാത്ത വിധം പാചകവാതകത്തിന് വീണ്ടും ഭീമമായിവില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഗ്യാസിന് 50 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഗ്യാസ് സിലിണ്ടറിന് 351 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. പാചകവാതക വില 1103 രൂപയാക്കി ഉയര്‍ത്തി സാധാരണ ജനങ്ങളുടെ മുതുകില്‍ അമിതഭാരം കയറ്റിയപ്പോള്‍ അദാനി കമ്പനി അതിന്റെ ഓഹരി വിലയില്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. വിലക്കയറ്റത്തില്‍ നിന്നും ഒരു സാധാരണക്കാരനെ പോലും വെറുതെ വിടരുത് എന്ന ഉദ്ദേശത്തോട് കൂടി സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവിലയില്‍ ലിറ്ററിന് 2 രൂപ വര്‍ദ്ധിപ്പിച്ചു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി മുതല്‍ 31 ദിവസമായി താഴേക്ക് പൊയ്ക്കാണ്ടിരുന്ന ഓഹരി വില മെച്ചപ്പെടുത്തിയിരിക്കുന്നു. ഒരു വശത്ത് തന്റെ തീവ്രവലത് നയങ്ങളിലൂടെ കോര്‍പ്പറേറ്റ് അനുകൂല പരിപാടികള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ മറുവശത്ത് വര്‍ഗ്ഗീയത ആളിക്കത്തിച്ച് തിരഞ്ഞെടുപ്പ് നേട്ടങ്ങളും കൈപ്പിടിയിലൊതുക്കുന്നു. പൊലീസും ജുഡീഷ്യറിയും ഉള്‍പ്പെടെയുള്ള സകല സര്‍ക്കാര്‍ ഏജന്‍സികളെയും വരുതിയില്‍ നിര്‍ത്തിക്കൊണ്ട് കോടതി വിധികളെ അട്ടിമറിക്കുന്ന നവഫാസിസ്റ്റ് പ്രയോഗങ്ങള്‍ നിര്‍ലജ്ജം നടപ്പാക്കിക്കൊണ്ടിരിക്കുന്നു.

സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ, നിര്‍ഭയരായി റിപ്പോര്‍ട്ട് ചെയ്യുന്നത് പത്രപ്രവര്‍ത്തകരെ എന്നു വേണ്ട തങ്ങളുടെ ആജ്ഞാനുവര്‍ത്തികളല്ലാത്തവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചും ജീവിതത്തില്‍ നിന്ന് തന്നെ പറഞ്ഞയച്ചും സ്വേച്ഛാധികാരം ഭീബത്സമായ രീതിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ആജ്ഞാനുവര്‍ത്തികളായവര്‍ക്ക് പ്രതിഫലമായി ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കി ജനങ്ങളെയും നിയമവ്യവസ്ഥയെത്തന്നെയും വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിലേക്ക് അതിശീഘ്രം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സംഘപരിവാര്‍ശക്തികള്‍ക്കെതിരെ രാജ്യത്തെ മുഴുവന്‍ പുരോഗമന ജനാധിപത്യ ശക്തികളും ഐക്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ജില്ലാസെക്രട്ടറി കെ വി പ്രകാശ് പ്രതിഷേധ പ്രമേയമവതരിപ്പിച്ചു. പി.എം.ജോര്‍ജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജിലാലിച്ചന്‍, എം.കെ.ഷിബു, കെ.ജി മനോഹരന്‍, കെ, ആര്‍. അശോകന്‍, കെ.സി. മല്ലിക, കെ. നസീറുദ്ധീന്‍, ബാബു കുറ്റിക്കൈത, കെ. പ്രേംനാഥ്, പി.കെ.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *