ലാവലിന്‍ കേസ് വീണ്ടും മാറ്റും; മാറ്റി വയ്ക്കാന്‍ കത്ത് നല്‍കി

News

ന്യൂദല്‍ഹി: ലാവലിന്‍ കേസ് വീണ്ടും മാറ്റിവെക്കും. കേസ് മാറ്റി വയ്ക്ണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേസില്‍ നിന്നും ഒഴിവാക്കപ്പെട്ട ഫ്രാന്‍സിസ് എന്ന ആളാണ് കേസ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്. അഭിഭാഷകന് കോവിഡ് ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റി വയ്ക്കാന്‍ ആശ്യപ്പെട്ടത്. 33 തവണയാണ് ലാവലിന്‍ കേസ് ഇതുവരെയായി മാറ്റിവെക്കപ്പെട്ടിട്ടുള്ളത്.

തിങ്കളാഴ്ചയാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്. ജസ്റ്റിസ് എം ആര്‍ ഷാ, മലയാളിയായ ജഡ്ജി സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കുന്നത്. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ കേസ് നീട്ടിവക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ അനന്തമായി കേസ് നീണ്ടുപോകുകയാണ്.

2017 ഡിസംബറിലാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി ബി ഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസില്‍ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. എന്നാല്‍ ഇതിനിടയില്‍ 33 തവണ ലാവലിന്‍ കേസ് പരിഗണിക്കുന്നത് വിവിധ കാരണങ്ങളാല്‍ മാറ്റിവെക്കപ്പെടുകയായിരുന്നു. ഇത്തവണ പരിഗണിക്കപ്പെടുമെന്ന് കരുതിയിരിക്കെയാണ് വീണ്ടും കേസ് മാറ്റിവെക്കാന്‍ നീക്കം നടക്കുന്നത്.