കാര്‍ഷിക സമൃദ്ധിയുടെ നേര്‍കാഴ്ച്ചയൊരുക്കി വയനാട് വിത്തുത്സവം

Wayanad

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കല്പറ്റ: വയനാടിന്റെ കാര്‍ഷിക സമൃദ്ധിയുടെ നേര്‍കാഴ്ചയൊരുക്കി പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വിത്തുത്സവം. വിവിധയിനം നെല്ലിനങ്ങള്‍, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഔഷധ ചെടികള്‍ എന്നിങ്ങനെ വയനാടിന്റെ കൃഷി പെരുമയുടെ ദൃശ്യ വിരുന്നായി മാറിയിരിക്കുകയാണ് വിത്തുത്സവം.

അന്താരാഷ്ട്ര ചെറുധാന്യങ്ങളുടെ വര്‍ഷമായ 2023ല്‍ ചെറുധാന്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ വര്‍ഷം വിത്തുത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ചെറുധാന്യങ്ങളുമായി കേരളത്തിനകത്തും നിന്നും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും പ്രദര്‍ശന സ്റ്റാളുകള്‍ ക്രമീകരിച്ചിരിക്കുന്നു. 120 ലധികം വാഴകളുടെ വൈവിധ്യം ഒരുക്കി നിഷാന്തും, 100ലധികം കിഴങ്ങ് വര്‍ഗങ്ങളുടെ വിത്ത് ശേഖരം കൊണ്ട് മാനുല്‍ എള്ളുമന്ദവും, 100 ഓളം കിഴങ്ങുകള്‍ കൊണ്ട് നൂറാങ്ക് വനിതാ കാര്‍ഷിക കൂട്ടായ്മയും, 150 ലധികം നെല്‍ വിത്ത് വൈവിധ്യം കൊണ്ട് പ്രസീതും സുനില്‍ കുമാറും അങ്ങനെ വിത്തുത്സവം എന്നത് വയനാടിന്റെ പ്രധാന കാര്‍ഷിക ഉത്സവമായി.

വിത്തുത്സവത്തിനോട് അനുബന്ധിച്ചു നടത്തുന്ന സെമിനാറില്‍ കാര്‍ഷിക ജൈവവൈവിധ്യം ആരോഗ്യത്തിനും പോഷണത്തിനും ചെറു ധാന്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് എന്ന വിഷയം ചര്‍ച്ച ചെയ്യുന്നു. ആരോഗ്യ മേഖലയിലെ വിവിധ വിദഗ്ധന്മാര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും. ലോകാരോഗ്യ സംഘടനയുടെ മുന്‍ ചീഫ് സയന്റിസ്റ്റ് ആയിരുന്ന ഡോ. സൗമ്യ സ്വാമിനാഥന്റെ നേതൃത്വത്തിലാണ് ഒന്നാം ദിവസത്തെ ചര്‍ച്ചകള്‍. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിത്തുത്സവം ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ പദ്മശ്രീ ചെറുവയല്‍ പ്രത്യേക പ്രഭാഷണം നടത്തുകയും അദ്ദേഹത്തെ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ചെയര്‍പേഴ്‌സണ്‍ ഡോ സൗമ്യ സ്വാമിനാഥന്‍ ആദരിക്കുകയും ചെയ്തു. വിത്തുത്സവത്തില്‍ സാമൂഹിക കാര്‍ഷിക ജൈവ വൈവിധ്യ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബാലന്‍ നെല്ലാറച്ചാല്‍, അച്ചപ്പന്‍ കുട്ടോനട, അയ്യപ്പന്‍ പിലാക്കാവ്, നൂറാങ്ക് വനിതാ കര്‍ഷക കൂട്ടായ്മ എന്നിവര്‍ക്ക് ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോര്‍ജ് സി തോമസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

എം സ്വാമിനാഥന്‍ ഗവേഷണ നിലയവും, വയനാട് ആദിവാസി വികസന സമിതിയും, സീഡ് കെയര്‍, കിസാന്‍ സര്‍വീസ് സൊസൈറ്റി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള ജൈവ വൈവിധ്യ ബോര്‍ഡ്, കുടുംബശ്രീ എന്നിവര്‍ സംയുക്തമായാണ് വിത്തുത്സവം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ഡോ കെ കെ നാരായണന്‍, ഡോ ജി എന്‍ ഹരിഹരന്‍, ഡോ ഷക്കീല തുടങ്ങിയവര്‍ സംസാരിച്ചു. വിത്തുത്സവം ശനിയാഴ്ച സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *