ദുബൈ: റമദാനില്‍ സ്വകാര്യ മേഖലയിലെ ജോലിക്കാരുടെ സമയം പ്രഖ്യാപിച്ചു. യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെയുള്ള മാസങ്ങളെ അപേക്ഷിച്ച് ദിവസത്തില്‍ രണ്ട് മണിക്കൂര്‍ കുറവായിരിക്കും റമദാനിലെ ജോലി സമയം. യു.എ.ഇയില്‍ സാധാരണഗതിയില്‍ സ്വകാര്യ മേഖലയിലെ ജോലി സമയം ദിവസം എട്ട് മണിക്കൂര്‍ അല്ലെങ്കില്‍ ആഴ്ചയില്‍ 48 മണിക്കൂറാണ്. റമദാനില്‍ ഇത് ദിവസം ആറ് മണിക്കൂര്‍, ആഴ്ചയില്‍ 36 മണിക്കൂര്‍ എന്ന നിലയിലേക്ക് ചുരുങ്ങും. ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്താല്‍ ഓവര്‍ ടൈം ആനുകൂല്യങ്ങള്‍ നല്‍കണം. സ്ഥാപനത്തിലെ ജോലിയുടെ സ്വഭാവം അനുസരിച്ച് വിദൂര ജോലി സംവിധാനം ഏര്‍പെടുത്താം.കഴിഞ്ഞ ദിവസം ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ചിരുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 2.30 വരെയാണ് സര്‍ക്കാര്‍ മേഖലയിലെ ജോലി സമയം. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെയാണ് ജോലി.