കോഴിക്കോട്: 27 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്ന അധ്യാപകന് വേറിട്ട യാത്രയയപ്പൊരുക്കി വിദ്യാര്‍ഥികള്‍. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ചരിത്ര വിഭാഗം അധ്യാപകന്‍ എം സി വസിഷ്ഠിനാണ് വ്യത്യസ്തമായ യാത്രയയപ്പ് ഒരുക്കുന്നത്.
അദ്ദേഹത്തിന് ആദരവര്‍പ്പിച്ച് ‘മലബാറിന്റെ ചരിത്രവും പുതു ചരിത്ര രചനകളും’ എന്ന വിഷയത്തില്‍ സെമിനാറുകള്‍ യാത്രയയപ്പ് ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 17ന് വെള്ളിയാഴ്ച കോളജ് ഓഡിറ്റോറിയത്തില്‍ മൂന്ന് സെഷനുകളിലായി നടക്കുന്ന സെമിനാറില്‍ വിഷയാവതരണത്തിനെത്തുന്നതും അദ്ദേഹം പഠിപ്പിച്ച വിദ്യാര്‍ഥികള്‍ തന്നെയാണ്. കാലടി ശ്രീശങ്കരാചാര്യ ചരിത്രവിഭാഗം മേധാവി ഡോ. കെ എം ഷീബ, മദ്രാസ് ഐ ഐ ടി ഹ്യുമാനിറ്റീസ് സോഷ്യല്‍ സയന്‍സ് വിഭാഗം അസി.പ്രൊഫസര്‍ ഡോ. സന്തോഷ് അബ്രഹാം, കാലടി സര്‍വകലാശാല ചരിത്രവിഭാഗം അസി.പ്രൊഫസര്‍ ഡോ. അഭിലാഷ് മലയില്‍ എന്നിവരാണ് സെഷനുകളില്‍ പ്രബന്ധം അവതരിപ്പിക്കുക.
18ന് ശനിയാഴ്ച പൂര്‍വ വിദ്യാര്‍ഥി സംഗമവും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ടി പി സുബിന്റെ ‘മലബാര്‍ സമര സ്മൃതികളുടെ ഹൃദയരേഖകള്‍’ എന്ന പുസ്തക പ്രകാശനവും നടക്കും. പി ജി വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ അധ്യാപക ജീവിതം അവതരിപ്പിക്കുന്ന വീഡിയോ ദൃശ്യവും ചടങ്ങില്‍ പ്രകാശിപ്പിക്കും. ഇതിനു പുറമെ സംസ്ഥാന പുരാരേഖ വകുപ്പിന്റെ സഹകരണത്തോടെ 23ന് വ്യാഴാഴ്ച വസിഷ്ഠിന് ആദരമര്‍പ്പിച്ച് ചരിത്ര പ്രദര്‍ശനവും നടത്തും.
1996 മുതലാണ് എം സി വസിഷ്ഠ് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ചരിത്രാധ്യാപകനായി എത്തിയത്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച മാഷ് ഇതിനോടകം തന്നെ നിരവധി പ്രദര്‍ശനങ്ങള്‍ നടത്തി ശ്രദ്ധ നേടിയിരുന്നു. ചരിത്രകാരന്‍ കൂടിയായിരുന്ന പ്രൊഫ. എം പി ശ്രീധരന്റെ മകനാണ്. ഭാര്യ നീമ. മകന്‍ വിനായക്.