മെഡിക്കല്‍ കോളേജുകളില്‍ കെ ജി എം സി ടി എ നടത്തിയ പ്രതിഷേധം പൂര്‍ണ്ണം

News

തിരുവനന്തപുരം: കോഴിക്കോട് ഫാത്തിമാ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ മുഴുവന്‍ ആക്രമികളെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരള ഘടകം സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മെഡിക്കല്‍ സമരത്തില്‍ കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കെജിഎംസിടിഎ യുടെ നേതൃത്വത്തില്‍ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധ പ്രകടനം നടത്തി. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും, ഒപി യും അടിയന്തരമല്ലാത്ത ശസ്ത്രക്രിയയും പൂര്‍ണമായും സ്തംഭിച്ചു. അടിയന്തരമായ ചികിത്സകള്‍ക്ക് തടസം നേരിട്ടില്ല.

നൂറുകണക്കിന് ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്ത ധര്‍ണയും പ്രതിഷേധ പ്രകടനവും എല്ലാ മെഡിക്കല്‍ കോളേജുകളിലും നടന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചു നടന്ന പ്രതിഷേധ ധര്‍ണ്ണ കെ ജി എം സി ടി എ സംസ്ഥാന പ്രസിഡന്റ് ഡോ നിര്‍മല്‍ ഭാസ്‌ക്കര്‍ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന പ്രതിഷേധ ധര്‍ണ കെ ജി എം സി ടി എ സംസ്ഥാന സെക്രട്ടറി ഡോ റോസ്‌നാര ബീഗം അഭിസംബോധന ചെയ്തു സംസാരിച്ചു.

ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്നും ആക്രമികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും, ആശുപത്രി സംരക്ഷണനിയമം ഉടനടി പരിഷ്‌ക്കരിക്കണമെന്നും കെ ജി എം സി ടി എ സംസ്ഥാനസമിതി ശക്തമായി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *