ദുബൈ: റമദാനില്‍ ദുബൈ നിവാസികള്‍ക്ക് ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യാന്‍ തയാറെടുക്കുന്നവര്‍ മുന്‍കൂട്ടി ഔഖാഫിന്റെ അനുമതിക്കായി അപേക്ഷിക്കണം. വ്യക്തികളായാലും കമ്പനികളായാലും ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതി നേടണമെന്നാണ് നിര്‍ദേശം. ദാനം ചെയ്യുന്ന ഭക്ഷണം സുരക്ഷിതമാണോ എന്നും ഭക്ഷണം എമിറേറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും ആവശ്യക്കാരായ ജനങ്ങളിലേക്കും കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൂടി വേണ്ടിയാണ് ഇത്.
ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്ന പ്രക്രിയ കൂടുതല്‍ ചിട്ടപ്പെടുത്തുന്നതിനായി, താന്‍ ഏത് പ്രദേശത്താണ് ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് അനുമതിക്കായി അപേക്ഷിക്കുന്ന വ്യക്തി സൂചിപ്പിക്കണം. അപേക്ഷിക്കുന്നവര്‍ ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. അല്ലെങ്കില്‍ 800600 എന്ന നമ്പറില്‍ വിളിച്ചാണ് അനുമതി ഉറപ്പു വരുത്തേണ്ടത്. അപേക്ഷിക്കുന്ന വ്യക്തിയുടെ എമിറേറ്റ്‌സ് ഐഡി വിവരങ്ങള്‍, വിതരണ സ്ഥലം, ഭക്ഷണം വിതരണം ചെയ്യുന്നത് റെസ്‌റ്റോറന്റിലാണെങ്കില്‍ അവയുടെ പേരും വിലാസവുമെല്ലാം വ്യക്തമാക്കിയിരിക്കണം. ഇത്തരത്തില്‍ അനുമതിയില്ലാതെ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്ന ആളുകള്‍ക്ക് 5000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പിഴയോ 30 ദിവസം മുതല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷയോ നേരിടേണ്ടി വരും. അതേ സമയം ആളുകള്‍ക്ക് പരസ്പരം അറിയാവുന്നതും വിശ്വസിക്കുന്നതുമായ ചെറിയ ഗ്രൂപ്പുകള്‍ക്കോ വ്യക്തികള്‍ക്കോ അനുമതിയില്ലാതെ തന്നെ ഇഫ്താര്‍ ഭക്ഷണം നല്‍കാന്‍ അനുവാദമുണ്ട്, എന്നാല്‍ അവര്‍ ഇതിന്റെ പേരില്‍ വ്യക്തിപരമായോ സോഷ്യല്‍ മീഡിയയിലോ സന്ദേശമയച്ച് സംഭാവന കാമ്പയ്‌നുകള്‍ നടത്തരുത്.