ഇന്ത്യയില്‍ സാന്നിധ്യം ശക്തിപ്പെടുത്താന്‍ കണ്‍ട്രി ഹെഡിനെ നിയമിച്ച് വേള്‍ഡ് ഡിസൈന്‍ കൊണ്‍സില്‍

Eranakulam

കൊച്ചി:ഡിസൈന്‍ വിദ്യാഭ്യാസവും ചിന്തയും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്ന സന്നദ്ധ സംഘടനയായ വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ (ഡബ്ല്യുഡിസി) ഇന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫിലിപ്പ് തോമസിനെ കണ്‍ട്രി ഹെഡായി നിയമിച്ചു. മീഡിയ, ഡിസൈന്‍ വിദ്യാഭ്യാസത്തില്‍ കാല്‍ നൂറ്റാണ്ടിലേറെ കാലത്തെ സംരംഭകത്വ പരിചയസമ്പത്തുള്ള ഫിലിപ്പ് തോമസിന്റെ നേതൃത്വം ഡബ്ല്യുഡിസിയുടെ ഇന്ത്യയിലെ ഉദ്യമങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരും.

ഡിസൈന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിനും ഡിസൈന്‍ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനും ആഗോളതലത്തില്‍ വിവിധ സര്‍ക്കാരുകളുമായി ഡബ്ല്യുഡിസി പ്രവര്‍ത്തിച്ചു വരികയാണ്. നൂതന ഡിസൈന്‍ രീതികള്‍ അവലംബിക്കാനും സ്‌കൂളുകളുമായും കോളേജുകളുമായും സഹകരിച്ച് ഡിസൈന്‍ ചിന്തകരുടെ പുതിയ തലമുറയെ വാര്‍ത്തെടുക്കാനും ഇന്ത്യയിലെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യവസായ സംഘടനകള്‍ക്കും പിന്തുണ നല്‍കാനാണ് നിയമനത്തിലൂടെ ഡബ്ല്യുഡിസി ലക്ഷ്യമിടുന്നത്.

ഡിസൈനിന്റെ സഹായത്തോടെ ഇന്ത്യക്ക് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാന്‍ സാധിക്കുമെന്ന് ഡബ്ല്യുഡിസി ചെയര്‍പേഴ്‌സണ്‍ പൗല ഗസാര്‍ഡ് അഭിപ്രായപ്പെട്ടു. ഡിസൈന്‍ തിങ്കിങ്ങിന് പാഠ്യപദ്ധതി തയ്യാറാക്കുകയും സ്ഥാപനങ്ങളില്‍ ഡിസൈന്‍ ക്ലബ്ബുകള്‍ സ്ഥാപിക്കാന്‍ സ്‌കൂളുകളെയും കോളേജികളെയും സഹായിക്കുകയുമാണ് തങ്ങളുടെ പ്രധാന ദൗത്യമെന്നും അവര്‍ വ്യക്തമാക്കി.

വേള്‍ഡ് ഡിസൈന്‍ കൗണ്‍സിലുമായി സഹകരിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇന്ത്യയില്‍ ഡിസൈന്‍ ചിന്ത പ്രചരിപ്പിക്കുന്നതിനും ഡിസൈന്‍ വിദ്യാഭ്യാസത്തിന് ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതിനും പ്രയത്‌നിക്കുമെന്നും ഫിലിപ്പ് തോമസ് പറഞ്ഞു. ഡിസൈന്‍ തിങ്കിങ്ങില്‍ ആഗോള പാഠ്യപദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ചും സ്‌കൂളുകളിലും കോളേജുകളിലും ഡിസൈന്‍ ക്ലബ്ബുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും ഡബ്ല്യുഡിസി ചെയര്‍പേഴ്‌സണ്‍ പൗല ഗസാര്‍ഡ് ഡിസംബറില്‍ കേരള, കര്‍ണാടക മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *