പാലാ: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലല്ലാതെയുള്ള ഭവനങ്ങളില്‍ താമസിക്കുന്ന സന്ന്യസ്ഥര്‍ക്കു സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിബന്ധനകള്‍ക്കു വിധേയമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാണി സി കാപ്പന്‍ എം എല്‍ എ നല്‍കിയ നിവേദനം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. സന്ന്യസ്ഥര്‍, പുരോഹിതര്‍, വൈദികര്‍ തുടങ്ങി നിരവധി ആളുകള്‍ക്കു ഇതിന്റെ പ്രയോജനം ലഭിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തതും മറ്റു മാനദണ്ഡങ്ങള്‍ പാലിക്കുന്നവരുമായിട്ടുള്ളവര്‍ക്കാണ് അര്‍ഹത എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
സന്ന്യസ്ഥര്‍ക്കു റേഷന്‍ അനുവദിക്കണമെന്ന മാണി സി കാപ്പന്റെ നിര്‍ദ്ദേശം നേരത്തെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടി എന്ന നിലയിലാണ് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിഷയം മാണി സി കാപ്പന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. സന്ന്യസ്ഥര്‍ സമൂഹത്തിന്റെ ഭാഗമാണെന്നും ആയതിനാല്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടിരുന്നു.