ദുബൈ: ഈ വര്‍ഷം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ ദുബൈ എക്‌സ്‌പോ സിറ്റിയില്‍ നടക്കുന്ന ഐക്യ രാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി (കോപ് 28) ന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ നിര്‍ണായക യോഗം ചേര്‍ന്നു.
യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മേല്‍നോട്ടം വഹിക്കുന്ന ഉന്നത ആസൂത്രണ സമിതി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
കോപ് 28 ന്റെ വിജയത്തിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് സംഭാവന നല്‍കാനാഗ്രഹിക്കുന്ന എല്ലാ പങ്കാളികളുമായും സഹകരിക്കണമെന്നും ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു. യു എ ഇ വ്യവസായ, മുന്നേറ്റ സാങ്കേതികതാ മന്ത്രിയും കോപ് 28ന്റെ നിയുക്ത പ്രസിഡന്റുമായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബിര്‍ ആതിഥേയത്വം വഹിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദേശ നയതന്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, യുവ കാലാവസ്ഥാ വക്താക്കള്‍, മുതിര്‍ന്ന പൗരന്മാര്‍, ബിസിനസ് പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ 3,000ത്തിലധികം പേരും ഈ പരിപാടിയില്‍ സംബന്ധിച്ചു.