അഷറഫ് ചേരാപുരം
ദുബൈ: യു എ ഇയുടെ വണ്‍ ബില്യണ്‍ മീല്‍സിന് 22 കോടി രൂപ സംഭാവന ചെയ്ത് ഡോ. ഷംഷീര്‍ വയലില്‍. റമദാനില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സുസ്ഥിര ഭക്ഷണ വിതരണം ഉറപ്പാക്കാനുള്ള യു എ ഇ പദ്ധതിക്കാണ് ഒരു കോടി ദിര്‍ഹം (22 കോടി രൂപ) അദ്ദേഹം പ്രഖ്യാപിച്ചത്. ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമാണ് മലയാളിയായ ഡോ. ഷംഷീര്‍ വയലില്‍. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേതൃത്വം നല്‍കുന്നതാണ് ‘വണ്‍ ബില്യണ്‍ മീല്‍സ് എന്‍ഡോവ്‌മെന്റ്’ കാമ്പയിന്‍.റമദാനില്‍ സുസ്ഥിര ഭക്ഷണ വിതരണത്തിനായി എന്‍ഡോവ്‌മെന്റ് ഫണ്ട് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് (എം ബി ആര്‍ ജി ഐ) ആരംഭിച്ച പദ്ധതിയിലൂടെ ലോകമെമ്പാടുമുള്ള ദുര്‍ബല ജനങ്ങള്‍ക്കാണ് ഭക്ഷണമെത്തുന്നത്.
വ്യക്തികള്‍, സ്ഥാപനങ്ങള്‍, ബിസിനസുകള്‍, ചാരിറ്റികള്‍, സാമൂഹിക സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വന്‍ പിന്തുണയാണ് കാമ്പയിന് ലഭിക്കുന്നത്.പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് ഡോ. ഷംഷീര്‍ ഒരു കോടി ദിര്‍ഹം ലഭ്യമാക്കുക. പട്ടിണിക്കെതിരേ പോരാടുകയും അര്‍ഹരായവര്‍ക്ക് ആരോഗ്യകരമായ ഭാവി വാഗ്ദാനം ചെയ്യുന്ന ഉദ്യമത്തെ പിന്തുണയ്ക്കാന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധനാണെന്നും ഡോ. ഷംഷീര്‍ വ്യക്തമാക്കി.