രാജ്യത്തിന്‍റെ ഭാവി വളര്‍ന്നു വരുന്ന തലമുറയില്‍: മന്ത്രി റോഷി അഗസ്റ്റിന്‍

Kottayam

പാലാ: വളര്‍ന്നു വരുന്ന തലമുറകളിലാണ് രാജ്യത്തിന്റെ ഭാവിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഓര്‍മ്മ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഭൂഖണ്ഡാന്തര പ്രസംഗമത്സരത്തിലെ ആദ്യ ഘട്ട മത്സര വിജയികളെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹം രാജ്യത്തിന് അഭിമാനമാണെന്നും റോഷി കൂട്ടിച്ചേര്‍ത്തു. ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രമോഷന്‍ ഫോറം സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ജോസ് തോമസ്, ജോസ് ആറ്റുപുറം, അഡ്വ സന്തോഷ് മണര്‍കാട്, മാത്യു അലക്‌സാണ്ടര്‍, ആലീസ് ആറ്റുപുറം, ഷാജി അഗസ്റ്റിന്‍, ജോര്‍ജ് നടവയല്‍, ഡോ ഫെഡ് മാത്യു, ചെസ്സില്‍ ചെറിയാന്‍, ഷൈന്‍ ജോണ്‍സണ്‍, ആലീസ് ആറ്റുപുറം എന്നിവര്‍ പ്രസംഗിച്ചു. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളില്‍ നിന്നുമായി 25 പേര്‍ വീതം ആദ്യഘട്ടത്തില്‍ വിജയികളായി.

വിവിധ രാജ്യങ്ങളില്‍ നിന്നായി 364 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഇരു വിഭാഗങ്ങളില്‍ നിന്നുമായി കണ്ടെത്തുന്ന മികച്ച പ്രാസംഗികന് ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള ഓര്‍മ ഒറേറ്റര്‍ ഓഫ് ദ ഇയര്‍ 2023 അവാര്‍ഡ് സമ്മാനിക്കും. മലയാളത്തിലും ഇംഗ്ലീഷിലുമായി അര ലക്ഷം രൂപ വീതമുള്ള രണ്ട് ഒന്നാം സമ്മാനങ്ങളും കാല്‍ ലക്ഷം വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും പതിനയ്യായിരം രൂപ വീതമുള്ള രണ്ട് മൂന്നാം സമ്മാനങ്ങളും നല്‍കും. ഇതോടൊപ്പം ഡോ എ പി ജെ അബ്ദുള്‍കലാം പുരസ്‌കാരത്തിനുള്ള വിദ്യാ കലാലയത്തെയും കണ്ടെത്തും. കൂടാതെ മികച്ച പ്രസംഗം കാഴ്ചവയ്ക്കുന്നവര്‍ക്കു പ്രോത്സാഹന ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും. ആകെ മൂന്നു ലക്ഷം രൂപയാണ് സമ്മാനത്തുകയായി മാത്രം നല്‍കുന്നത്. ഭാരതസ്വാതന്ത്ര വജ്രജൂബിലിയുടെ ഭാഗമായിട്ടാണ് പ്രസംഗോല്‍സവം സംഘടിപ്പിച്ചത്. 2023 ആഗസ്റ്റില്‍ പാലാ അല്‍ഫോന്‍സാ കോളജില്‍ ഫൈനല്‍ മത്സരം സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *