എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: പ്രതി ഷാറൂഖ് സെയ്ഫ് വ്യാഴാഴ്ച കേരളത്തിലെത്തും

News

എ വി ഫര്‍ദിസ്

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയെന്ന് കണ്ടെത്തി മഹാരാഷ്ട്ര എ ടി എസ് പിടികൂടിയ ഷാറൂഖ് സെയ്ഫിയെ വ്യാഴാഴ്ച കേരളത്തിലെത്തിക്കും. ബുധനാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട കേരള പൊലീസ് സംഘം കര്‍ണാടക വഴി റോഡ് മാര്‍ഗ്ഗമാണ് കേരളത്തിലെത്തുന്നത്. ഞായറാഴ്ച രാത്രി 9.30ന് ആക്രമണം നടത്തി ട്രെയിന്‍ മാര്‍ഗം ഇയാള്‍ മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നു വെന്നാണ് പോലീസ് വിശദീകരണം. വിവിധ അന്വേഷണ സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനൊടുവിലാണ് ബുധനാഴ്ച രാവിലെ ഇയാള്‍ പിടിയിലായത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വച്ചായിരുന്നു മഹാരാഷ്ട്ര എ ടി എസ് അറസ്റ്റ് ചെയ്തത്.

റെയില്‍വേ ട്രാക്കില്‍നിന്ന് കണ്ടെത്തിയ ഇയാളുടെ ബാഗില്‍നിന്ന് ലഭിച്ച നോട്ടുപുസ്തകം, ഫോണ്‍ എന്നിവയില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ട്രെയിനില്‍വെച്ച് പ്രതിയെ കണ്ട ദൃക്‌സാക്ഷിയുടെ സഹായത്തോടെ ഇയാളുടെ രേഖാചിത്രവും പുറത്തുവിട്ടിരുന്നു. പ്രതി യു പി സ്വദേശിയാണെന്ന് സൂചന ലഭിച്ചതോടെ അന്വേഷണ സംഘം കഴിഞ്ഞ ദിവസംയു പിയിലെത്തി പ്രതിയുടെ വീട്ടില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മഹാരാഷ്ട്രയില്‍ വെച്ച് ഇയാള്‍ പിടിയിലായത്.

തങ്ങളുടെ ചോദ്യം ചെയ്യലില്‍ ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ് പത്രകുറിപ്പിലൂടെ അറിയിച്ചതിനെ തുടര്‍ന്നാണ് കേരള പൊലീസ് പ്രതിയെ ഏറ്റെടുത്തത്. ഇയാള്‍ കുറ്റകുൃത്യം ചെയ്ത ശേഷം പ്രകടമായ ലക്ഷണങ്ങളോടെ എങ്ങനെ ഇത്രയും ദൂരം സഞ്ചരിച്ചു എന്നത് കണ്ടെത്തേണ്ട പ്രധാന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *