അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭീമമായ കെട്ടിട നികുതി ചുമത്തിയ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം: കേരള മുസ്ലിം ജമാഅത്ത്

Kozhikode

കോഴിക്കോട്: സര്‍ക്കാര്‍ അംഗീകാരത്തില്‍ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭീമമായ കെട്ടിട നികുതി ചുമത്തി വസൂലാക്കാനുള്ള സര്‍ക്കാര്‍ശ്രമം നീതിരഹിതവും അനുചിതവുമാണെന്നും സര്‍ക്കാര്‍ അതില്‍ നിന്നും പിന്തിരിയണമെന്നും തീരുമാനം പിന്‍വലിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച് നിലവില്‍ നടന്ന് വരുന്നതാണ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍. ഇതില്‍ അണ്‍ എയ്ഡഡ് വിദ്യാലയ കെട്ടിടങ്ങള്‍ക്കാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ നികുതി ചുമത്തി നോട്ടീസ് അയച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ കേരളത്തില്‍ മുവ്വായിരത്തിലധികം അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും സാമൂഹിക സേവന താത്പര്യത്തോടെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിന് വരുന്ന കോടികളുടെ ബാധ്യതയാണ് അണ്‍ എയ്ഡഡ് വിദ്യാലയ നടത്തിപ്പുകാര്‍ സേവന താത്പര്യത്തോടെ ഏറ്റെടുത്തിട്ടുള്ളത്. എയ്ഡഡ് വിദ്യാലയങ്ങളെ കാണുന്ന പോലെയാണ് സര്‍ക്കാര്‍ ഇത്രയും കാലം അംഗീകൃത അണ്‍ എയ്ഡഡ് മേഖലയെയും കണ്ടിട്ടുള്ളത്. ഇവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിച്ചു കൊണ്ട് തന്നെയാണ് പ്രവര്‍ത്തിച്ച് വരുന്നത്. എന്നിരിക്കെ വിവേചനപരമായ തീരുമാനമായാണ് കെട്ടിടനികുതി പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ കാണാന്‍ കഴിയൂ. ലക്ഷക്കണത്തിന് രൂപയുടെ കുടിശ്ശിക പിരിക്കാനുള്ള നോട്ടീസുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇത് നീതിരഹിതമാണ്. സേവന തത്പരരായ അണ്‍ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുല്‍റഹ്മാന്‍ ഫൈസി, എന്‍ അലിഅബ്ദുല്ല, മജീദ് കക്കാട്,സി.പി.സൈതലവി മാസ്റ്റര്‍,എ.സൈഫുദ്ദീന്‍ ഹാജി, മുസ്ഥഫ കോഡൂര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *