കല്പറ്റ: അയോഗ്യതാ നടപടിക്ക് ശേഷം മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഏപ്രില്‍ 11ന് ചൊവ്വാഴ്ച കല്പറ്റയിലെത്തും. രാഹുലിനൊപ്പം സഹോദരിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായി പ്രിയങ്കാഗാന്ധിയും റോഡ്‌ഷോയിലും സമ്മേളനത്തിലും പങ്കെടുക്കുമെന്ന് യു ഡി എഫ് നേതാക്കള്‍ അറിയിച്ചു.
പതിനായിരകണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ്‌ഷോ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ കല്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂള്‍ പരിസരത്ത് നിന്നാണ് ആരംഭിക്കുന്നത്. സത്യമേവ ജയതേ എന്ന പേരില്‍ നടക്കുന്ന ഈ റോഡ്‌ഷോയിലേക്ക് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിച്ചേരും.
റോഡ്‌ഷോയ്ക്ക് ശേഷം കല്പറ്റ എം പി ഓഫീസിന് മുന്‍വശത്തായി പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിലെ പ്രുമഖ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാവുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, മോന്‍സ് ജോസഫ് എം എല്‍ എ, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, സി പി ജോണ്‍ തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുക്കും.