ദില്ലി കത്ത്/ സ്വന്തം പ്രതിനിധി
ന്യൂദല്‍ഹി: ബി ജെ പിയെ വെല്ലുവിളിച്ച് 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ശക്തമായ പ്രതിപക്ഷ മുന്നണി രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ്, ജനതാദള്‍ (യുണൈറ്റഡ്), രാഷ്ട്രീയ ജനതാദള്‍ എന്നീ പാര്‍ട്ടികളുടെ നേതാക്കള്‍ ദല്‍ഹിയില്‍ യോഗം ചേര്‍ന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ജെ ഡി യു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് എന്നിവരെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, JDU അദ്ധ്യഷന്‍ രാജീവ് രഞ്ജന്‍ സിങ് (ലാലന്‍ സിംഗ്) മനോജ് കുമാര്‍ ഝാ MP, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും സന്നിഹിതരായിരുന്നു. എല്ലാ പ്രതിപക്ഷ കക്ഷികളെയും തെരഞ്ഞെടുപ്പിനായി ഒന്നിപ്പിക്കുക എന്ന ചരിത്രപരമായ ഉദ്ദേശത്തോടെയാണ് യോഗം വിളിച്ചു ചേര്‍ത്തതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
രാജ്യത്തിനായുള്ള മൂന്നു പാര്‍ട്ടികളുടേയും കാഴ്ചപ്പാട് രൂപപ്പെടുത്തുന്ന ‘ചരിത്രപരമായ ചുവടുവയ്പ്പ്’ എന്നാണ് രാഹുല്‍ഗാന്ധി മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒത്തുചേരലിനെ വിശേഷിപ്പിച്ചത്. ജനാധിപത്യ പാര്‍ട്ടികളെ കഴിയുന്നത്ര ഒന്നിപ്പിക്കുക എന്നതാണ് തന്റെ ആശയമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. യോഗത്തിന് മുന്നോടിയായി ദില്ലിയില്‍ ചികില്‍സയില്‍ കഴിയുന്ന ആര്‍ ജെ ഡി തലവന്‍ ലാലു പ്രസാദ് യാദവിനെ നിതീഷ്‌കുമാര്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവരുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നിതീഷ് കുമാറും നേരത്തെ ഒറ്റക്കൊറ്റയ്ക്കു സംസാരിച്ചിരുന്നു. ‘ഞങ്ങള്‍ ഭരണഘടന സംരക്ഷിക്കുകയും രാജ്യത്തെ രക്ഷിക്കുകയും ചെയ്യും,’ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കാനായിരുന്നു മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യം പദ്ധതിയിട്ടിരുന്നത്.
എന്നാല്‍ രാഹുല്‍ ഗാന്ധി ക്രിമിനല്‍/ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയത് ദീദിയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണെന്ന് പൊതുവെ വിലയിരുത്തലുണ്ട്. ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനായി പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കാന്‍ മമത ബാനര്‍ജിയെ ഈ സംഭവം പ്രേരിപ്പിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍.
അതേസമയം സഖ്യത്തില്‍ ചേരുന്ന കാര്യത്തില്‍ രണ്ടു സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി ഇതുവരെ ഉറച്ച നിലപാട് എടുത്തിട്ടില്ല. തെലങ്കാന ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിക്ക് പ്രതിപക്ഷ മുന്നണിയില്‍ താല്‍പ്പര്യമുണ്ട്. പക്ഷേ കോണ്‍ഗ്രസില്ലാത്ത മുന്നണി എന്ന കടുംപിടുത്തത്തിലാണ് BRC അദ്ധ്യക്ഷന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.