ദുബൈ: യു.എ.ഇ യിലെ ദുബൈയില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ദൈരയിലുണ്ടായ തീപിടുത്തം ഏവരെയും ഞെട്ടിച്ചു. ദൈര നായിഫില്‍ താമസ സ്ഥലത്തെ വന്‍ തീപിടുത്തത്തില്‍ രണ്ട് മലയാളികള്‍ അടക്കം പതിനാറോളം പേര്‍ മരിച്ചതായാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷ് (37) ഭാര്യ ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍.
ദൈര ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന ദുബൈയിലെ ഇടമാണ് ദൈര. ഫ്രിജ് മുറാര്‍, അല്‍ റാസ്,നായിഫ് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെല്ലാം താമസത്തിനായി സ്ഥലം കണ്ടെത്തുന്നത് ദൈരയില്‍ ആണ്. ഇന്ത്യക്കാരെ കൂടാതെ പാക്കിസ്ഥാന്‍ , ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലുള്ളവരും ഇവിടെ ഉണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12 ന് ശേഷമായിരുന്നു കെട്ടിടത്തില്‍ നിന്നും വലിയ രീതിയില്‍ പുക ഉയര്‍ന്നത്. സൂപ്പര്‍ മാര്‍ക്കറ്റ് അടക്കം നിരവധി വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ ആണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തില്‍ നിന്ന് തീ ഉയര്‍ന്നെങ്കിലും ഇത്രയും വലിയ അപകടം ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് സമീപത്തെ വ്യാപരികള്‍ പറഞ്ഞു. തീപിടിത്തം അറിഞ്ഞ് സംഭവ സ്ഥലത്ത് നിരവധി പേര്‍ തടിച്ചു കൂടി. ആളുകള്‍ തിങ്ങിക്കൂടിയതോടെ പൊലിസ് സുരക്ഷാ സംവിധാനം ശക്തമാക്കി. ഈ വഴി പോകുന്ന വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു. അഗ്‌നിബാധയുടെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ പോലിസ് തടഞ്ഞു. ചിലരുടെ മൊബൈല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുഎഇയില്‍ അപകടങ്ങളുടെ ദൃശ്യം പകര്‍ത്തുന്നത് നിയമ ലംഘനമാണ്. അഗ്‌നിബാധയുടെ വിവരങ്ങള്‍ പൊലീസ് വൈകിയാണ് പുറത്തുവിട്ടത്.