കുവൈറ്റ്: ഇസ്രയേലിന്റെ ക്രൂരതക്കും അക്രമങ്ങള്‍ക്കും വിധേയമായി നരകിക്കുന്ന ഫലസ്തീന്‍ ജനതയോടുള്ള കുവൈറ്റിന്റെ സമീപനം ശ്ലാഘനീയവും സ്വാഗതാര്‍ഹവുമാണെന്ന് കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു.
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈറ്റിലെത്തിയ അദ്ദേഹം കുവൈറ്റിലെ ഹുദാ സെന്റര്‍ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. ഗാസ്സ ഇടിച്ച് തകര്‍ക്കുകയും ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും അന്നാട്ടിലെ ലക്ഷക്കണക്കിന് പൗരന്മാരോട് നാട് വിടാന്‍ കല്‍പിക്കുകയും ചെയ്യുന്ന അക്രമി രാഷ്ട്രത്തോട് ആദ്യമായി ശക്തമായി അരുതെന്ന് പറഞ്ഞ രാഷ്ട്രങ്ങളിലൊന്നാണ് കുവൈറ്റ്.
മാത്രവുമല്ല, കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റിയും മറ്റ് ചാരിറ്റി സംഘങ്ങളും മുഖേന ടണ്‍ കണക്കിന്ന് ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റ് അത്യാവശ്യ വസ്തുക്കളും കുവൈറ്റ് സര്‍ക്കാര്‍ ഫലസ്തീനിലെത്തിച്ച് കഴിഞ്ഞു. ഫലസ്തീന്‍ ഇസ്‌റായേല്‍ വിഷയത്തില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായമാണ് ഇസ്രയേലിനെ കൂടുതല്‍ അക്രമികളാക്കുന്നത്. മര്‍ദകനെയും മര്‍ദിതനെയും ഒരു പോലെ കാണുന്ന നിഷ്പക്ഷ സമീപനവും ശരിയല്ല. കാരണം ഏത് വിഷയത്തിലും നാം ശരിയുടെയും നീതിയുടെയും പക്ഷത്താണ് നില്‍ക്കേണ്ടത്.
ഇക്കാര്യത്തില്‍ കുവൈറ്റും സൗദിയും ഖത്തറും മറ്റെല്ലാ ഗള്‍ഫു രാജ്യങ്ങളും നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചത് ആശ്വാസകരമാണെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. യോഗത്തിന് കുവൈത്ത് ഇന്ത്യന്‍ ഹുദ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദു റഹ്മാന്‍ അടക്കാനി സ്വാഗതം പറഞ്ഞു. സെന്റര്‍ പ്രസിഡന്റ് അബ്ദുള്ള കാരക്കുന്ന് അധ്യക്ഷനായിരുന്നു. സമാപനത്തില്‍ ആദില്‍ സലഫി നന്ദി പറഞ്ഞു.