കേരളത്തില്‍ നിര്‍ണായക ശക്തിയാകാന്‍ ആര്‍ ജെ ഡി; ഭാരതീയ നാഷണല്‍ ജനതാദള്ളുമായുള്ള ലയനം 28ന്

Thiruvananthapuram

ഭരത് കൈപ്പാറേടന്‍

തിരുവനന്തപുരം: ആര്‍ ജെ ഡി-ഭാരതീയ നാഷണല്‍ ജനതാദള്‍ ലയനം ഈ മാസം 28ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. ലയനം വഴി യു ഡി എഫിന്റെ ഭാഗമാകുന്നതോടെ ആര്‍ ജെ ഡി കേരളത്തില്‍ നിര്‍ണ്ണായക ശക്തിയാവും. ജോണ്‍ ജോണ്‍ സംസ്ഥാന പ്രസിഡന്റായും അനു ചാക്കോ ദേശീയ ജന:സെക്രട്ടറിയായും ഇതിനോടകം നിയമിക്കപ്പെട്ടു.

ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് കേരളത്തിലെ സോഷ്യലിസ്റ്റുകള്‍ക്ക് കേള്‍ക്കാനിടയാകുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യം രൂപപ്പെടുമ്പോള്‍ കേരള രാഷ്ട്രീയത്തിലും രാഷ്ട്രീയമായ വലിയൊരു മുന്നേറ്റത്തിനാണ് കഴിഞ്ഞ ദിവസം കളമൊരുങ്ങിയത്. ദളിത് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്കു വേണ്ടി എന്നും പ്രവര്‍ത്തിച്ചിട്ടുള്ള ആര്‍ ജെ ഡിയിലേക്ക് കേരളത്തിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയായ ഭാരതീയ നാഷണല്‍ ജനതാദള്‍ ലയിക്കുന്നു എന്ന വാര്‍ത്ത സോഷ്യലിസ്റ്റുകള്‍ക്ക് തികച്ചും ആഹ്ലാദകരമാണ്.

ആര്‍ ജെ ഡിയുടെ ദേശീയ നേതാക്കളും സംസ്ഥാന നേതാക്കന്മാരും ജോണ്‍ ജോണ്‍ നേതൃത്വം നല്‍കുന്ന ഭാരതീയ നാഷണല്‍ ജനതാദള്‍ നേതാക്കളും പങ്കെടുത്ത ദില്ലിയിലെ സംയുക്ത യോഗത്തില്‍ ലയന പ്രഖ്യാപനം നടത്തപ്പെട്ടു. രാഷ്ട്രീയ ജനതാദളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനം ഭാരതീയ നാഷണല്‍ ജനതാദള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്, ആര്‍ ജെ ഡി കേരള സംസ്ഥാന പ്രസിഡണ്ടായി ജോണ്‍ ജോണിനെ ദേശീയ നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ 20 വര്‍ഷക്കാലം ആര്‍ ജെ ഡി എന്ന പ്രസ്ഥാനത്തെ കേരളത്തിന്റെ മണ്ണില്‍ ഇടറാതെയും പതറാതെയും അധികാര രാഷ്ട്രീയത്തിന്റെ സ്ഥാനമോഹങ്ങളില്‍ കണ്ണു മഞ്ഞളിക്കാതെയും നയിച്ച അനു ചാക്കോ ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിക്കപ്പെട്ടു. പാവപ്പെട്ട ജനങ്ങളുടെ വിഷയങ്ങളില്‍ സജീവ സാന്നിധ്യമായി ഭരണപക്ഷ വീഴ്ചകളില്‍ ഉറച്ച നിലപാടെടുത്തുകൊണ്ട് ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അനു ചാക്കോയ്ക്കു കിട്ടിയ അംഗീകാരം അര്‍ഹതക്കുള്ള ആദരവു തന്നെയാണെന്നു പറയാം.

ആദിവാസികളടക്കമുള്ള പിന്നോക്കക്കാരുടേയും ദരിദ്രരുടെയും അധ:സ്ഥിത വിഭാഗത്തിന്റെയും ഇടയിലൂടെ അവരുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും പ്രതിസന്ധികളും ചോദിച്ചറിഞ്ഞും ഇടപെട്ടും നടത്തിയ സുദീര്‍ഘമായ രാഷ്ട്രീയ ജീവിതമാണ് അനു ചാക്കോയെ ഇന്നത്തെ ഉന്നതമായ ഈ നിലയിലെത്തിച്ചത് എന്നതില്‍ സംശയമില്ല. സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്‌നങ്ങളിലിടപെട്ട് അധികാര വര്‍ഗ്ഗത്തിന്റെ കണ്ണുതുറപ്പിക്കുന്ന പ്രക്ഷോഭങ്ങളും പ്രവര്‍ത്തനങ്ങളുമായി സദാസമയം ആര്‍ ജെ ഡി എന്ന പാര്‍ട്ടിക്ക് വേണ്ടി തന്റെ ജീവിതം നീക്കിവെക്കുകയായിരുന്നു അനു ചാക്കോ.

തന്റെ സ്വത്തും സമ്പാദ്യവും എല്ലാം അവര്‍ പാര്‍ട്ടിക്കുവേണ്ടി മാറ്റി വെച്ചു. ആദര്‍ശ രാഷ്ട്രീയത്തില്‍ ദക്ഷിണേന്ത്യയില്‍ പകരം വെക്കാനില്ലാത്ത രാഷ്ട്രീയ ജനതാദളിന്റെ ഝാന്‍സി റാണിയായി അനു ചാക്കോ രൂപാന്തരപ്പെടുകയായിരുന്നു.

തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പലതരത്തിലുള്ള വാഗ്ദാനങ്ങളുമായി പല മുഖ്യധാരാ രാഷ്ട്രീയകക്ഷികളും അനു ചാക്കോയെ തേടിവന്നിരുന്നു. അപ്പോഴൊന്നും ആദര്‍ശ രാഷ്ട്രീയത്തില്‍ നിന്നും അണുവിട വ്യതിചലിക്കാന്‍ അവര്‍ തയ്യാറായില്ല. അധികാരകേന്ദ്രങ്ങളോട് എന്നും അകന്നു നില്‍ക്കാനായിരുന്നു അവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. തന്റെ പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് ഇന്നും സജീവമായി പ്രവര്‍ത്തന മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പാര്‍ട്ടിയുടെ പ്രിയങ്കരിയായ അനു ചാക്കോ ദേശീയ ജനറല്‍ സെക്രട്ടറിയായി വൈകാതെ ചുമതലയേല്‍ക്കും.

കേരള മണ്ണില്‍ വര്‍ഗീയ ഫാസിസത്തിനെതിരെ സോഷ്യലിസ്റ്റുകളെ ഒരുമിപ്പിക്കാനും പ്രതിപക്ഷ ഐക്യത്തിനുമായി അനു ചാക്കോയുടെ നേതൃത്വത്തില്‍ ആര്‍ ജെ ഡി നിലകൊള്ളുമ്പോഴാണ് യു ഡി എഫിന്റെ ഘടക കക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദള്‍ ആര്‍ ജെ ഡി യില്‍ ലയിക്കാന്‍ തയ്യാറാകുന്നത്. ഇത് അഭിമാനകരമായ മുഹൂര്‍ത്തമാണ്. കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രതീക്ഷ നല്‍കികൊണ്ടാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ലയനം നടക്കുന്നത്.

കേന്ദ്രത്തില്‍ യു പി എയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യത്തിനും കേരളത്തില്‍ യു ഡി എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തിയും പിന്തുണയും പകരുന്ന നിലപാടാണ് രാഷ്ട്രീയ ജനതാദള്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഒരുമിച്ചു നിന്നുകൊണ്ട്, പ്രതിപക്ഷ ഐക്യത്തിന് ശക്തി പകരണമെന്നാണ് രാഷ്ട്രീയ ജനതാദളിന്റെ ദേശീയ നേതൃത്വം ആവിശ്യപ്പെടുന്നത്. മതേതരമായ കാഴ്ചപ്പാടിലേക്ക് നമ്മുടെ രാജ്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള പോരാട്ടത്തില്‍ ശക്തമായ പിന്തുണയുമായി രാഷ്ട്രീയ ജനതാദളിന്റെ മുഴുവന്‍ പ്രവര്‍ത്തകരും വരും നാളുകളില്‍ നടക്കുന്ന സമര പോരാട്ടങ്ങളില്‍ സജീവ സാന്നിധ്യമാവുമെന്ന് നമുക്കു കരുതാം.