നക്ഷത്ര രാവ് തീര്‍ക്കാന്‍ ചോള പട നാളെ കൊച്ചിയില്‍; പൊന്നിയിന്‍ സെല്‍വന്‍ 2 കേരളത്തില്‍ 350 ല്‍ പരം തിയേറ്ററുകളില്‍

Cinema

കൊച്ചി: പിഎസ് 2 വിന്റെ റിലീസിങ്ങിന്റെ മുന്നോടിയായി, പ്രചരണാര്‍ത്ഥം പൊന്നിയിന്‍ സെല്‍വനിലെ താരങ്ങള്‍ ഏപ്രില്‍ 20 ന് നാളെ, വ്യാഴാഴ്ച കൊച്ചിയില്‍ എത്തും. ഉച്ചക്ക് നടക്കുന്ന പത്ര സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം വൈകീട്ട് 6 മണിക്ക് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന വിവിധ പൊതു പരിപാടികളില്‍ ചോളപ്പട ( താരങ്ങള്‍) ആരാധകരെ അഭിസംബോധന ചെയ്യും. ഈ പരിപാടിയിലൂടെ ഉത്സവ പ്രതീതിയേകുന്ന ഒരു നക്ഷത്ര രാവ് കൊച്ചിക്ക് സമ്മാനിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും വിതരണക്കാരും.

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ രണ്ടാം ഭാഗമായ പി എസ്2 ഏപ്രില്‍ 28ന് ലോകമെമ്പാടും റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവിസാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്. 350 ല്‍ പരം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതി.

പ്രേക്ഷകരുടെ സൗകര്യാര്‍ത്ഥം മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുക.ഇതില്‍ മുന്നൂറില്‍ പരം തിയേറ്ററുകളില്‍ മലയാളം പിഎസ്2 വാണ് പ്രദര്‍ശിപ്പിക്കുക. മലയാളികളുടെ പ്രിയ താരങ്ങളായ വിക്രം, കാര്‍ത്തി, ജയം രവി, റഹ്മാന്‍,ജയറാം, ബാബു ആന്റണി എന്നിവരുടെ കേരളാ ഫാന്‍സും ചിത്രം മഹാ വിജയമാക്കി തീര്‍ക്കാനുള്ള പ്രയത്‌നത്തിലും പ്രവര്‍ത്തനങ്ങളിലും വ്യാപൃതരായിരിക്കുന്ന പാശ്ചാത്തലത്തില്‍ തിയറ്ററുകാരും പിഎസ് 2 തങ്ങളുടെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വലിയ ആവേശമാണ് പ്രകടിപ്പിക്കുന്നതെന്ന് ശ്രീ ഗോകുലം മൂവിസ് വക്താക്കള്‍ അറിയിച്ചു.ഒപ്പം തന്നെ തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും 28 ന് പുലര്‍ച്ചെ 4 മണിക്ക് ആദ്യ പ്രദര്‍ശനം നടത്താനുള്ള അനുവാദം തേടിയിരിക്കയാണ ത്രെ വിതരണക്കാര്‍ .

സാഹിത്യകാരന്‍ കല്‍ക്കി കൃഷ്!ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവല്‍ ‘പൊന്നിയിന്‍ സെല്‍വന്‍’ ആധാരമാക്കിയാണ് മണിരത്!നം അതേ പേരില്‍ തന്നെ ദൃശ്യ സാക്ഷത്ക്കാരം നല്‍കിയിരിക്കുന്നത്. ഇത് മണിരത്‌നത്തിന്റെ വളരെ കാലമായിട്ടുള്ള സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരമാണ്. ഏ.ആര്‍.റഹ്മാന്റെ മാന്ത്രിക സംഗീതവും, തോട്ടാധരണിയുടെ അത്ഭുത പ്പെടുത്തുന്ന കൂറ്റന്‍ സെറ്റുകളുടെ പാശ്ചാത്തലവും, രവിവര്‍മ്മന്റെ ക്യാമറ ഒപ്പിയെടുത്ത നയന മനോഹരമായ ദൃശ്യങ്ങളും, കാണികള്‍ക്ക് പുതിയ അനുഭവവും അത്ഭുതവുമായിരിക്കും. ഒന്നാം ഭാഗത്തില്‍ കഥാപാത്രങ്ങളെ മാത്രം പരിചയപ്പെടുത്തി ‘ പൊന്നിയിന്‍ സെല്‍വനായ അരുണ്‍മൊഴി വര്‍മ്മന് എന്തു സംഭവിച്ചു ? ‘ എന്ന ജിജ്ഞാസ നില നിര്‍ത്തി കാണികളെ ആകാംഷയുടെ മുനമ്പില്‍ നിര്‍ത്തിയിരിക്കുന്ന മണിരത്‌നം രണ്ടാം ഭാഗത്തില്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി കഥ പൂര്‍ണതയിലെത്തിക്കുന്നു. വൈകാരികവും അതിലുപരി സംഘര്‍ഷാത്മകവുമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പിഎസ് 2 ന്റെ പ്രയാണം. സാങ്കേതിക മികവാര്‍ന്ന ദൃശ്യവല്‍ക്കണം കൊണ്ടും ചടുലവും ചാരുതയാര്‍ന്നതുമായ അവതരണ ശൈലി കൊണ്ടും ലോക സിനിമക്ക് മുമ്പാകെ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ നാഴിക്കല്ലും വഴിത്തിരിവുമായിരിക്കും ഈ മണിരത്‌നം സൃഷ്ടി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചന്‍, തൃഷകൃഷ്ണ, റഹ്മാന്‍,ജയറാം,ബാബു ആന്റണി,റിയാസ് ഖാന്‍ , ലാല്‍,പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു , പാര്‍ത്ഥിപന്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് പ്രധാന അഭിനേതാക്കള്‍
‘പൊന്നിയിന്‍ സെല്‍വന്‍ 1’ രാജ്യത്ത് ബോക്‌സോഫീസില്‍ വന്‍ ചരിത്രമാണ് സൃഷ്ടിച്ചത്. ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പൊന്നിയിന്‍ സെല്‍വന്‍2 ‘, (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ ലോകമെമ്പാടും റിലീസ് ചെയ്യും.