വരുന്നത് പെറ്റിയുടെ നാളുകള്‍; എ ഐ ക്യാമറകള്‍ നാളെ മുതല്‍ പണി തുടങ്ങും

News

തിരുവനന്തപുരം: നികുതി ഭാരത്തിന് പുറമെ പെറ്റിയും. ഇനി മുതല്‍ ജനത്തിന്റെ നടുവൊടിയും. 20 മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പണി തുടങ്ങുന്നതോടെ വാഹനം ഓടിക്കുന്നവരിലേറെയും പെറ്റിയടിച്ച് മുടിയും. ഒരുദിവസം തന്നെ ഏതൊക്കെ ക്യാമറക്ക് മുന്നിലാണ് വാഹനം പെട്ടതെങ്കില്‍ അവിടെയെല്ലാം പെറ്റിയും ഉണ്ടാകും. ഒരു ദിവസം പല പെറ്റിയുണ്ടാകുമെന്ന് ചുരുക്കം. പെറ്റിയിലൂടെ 750 കോടിയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കാലിയായി കിടക്കുന്ന ഖജനാവ് പെറ്റി കൊണ്ട് നിറയുകയും ചെയ്യും.

മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിരിക്കുന്നത് 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ്. ഈ ക്യാമറകള്‍ ദിവസേന ചുമത്തുക 5ലക്ഷത്തിലേറെ പെറ്റിക്കേസുകളാണെന്നാണ് കണക്ക്. രണ്ടു മാസത്തിലേറെയായി ക്യാമറകളുടെ ട്രയല്‍ റണ്‍ നടക്കുകയാണ്. ഒരു ക്യാമറ ദിവസേന 600 മുതല്‍ 700 വരെ നിയമലംഘനങ്ങളാണ് പിടിക്കുന്നത്. ഇങ്ങനെ നോക്കുമ്പോഴാണ് ദിവസേന അഞ്ചുലക്ഷത്തിലേറെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നത്. ശരാശരി 500രൂപ പിഴ കണക്കാക്കിയാലും ഒരു ദിവസം 25കോടിയിലേറെ വരും പിഴത്തുക.

തിരുവനന്തപുരം നഗരത്തിലെ 88 ക്യാമറകള്‍ മാത്രം അരലക്ഷം നിയമലംഘനങ്ങളാണ് നിത്യേന കണ്ടെത്തുന്നത്. ഈ മാസം 20 മുതല്‍ പിഴയീടാക്കിത്തുടങ്ങുക. 232.25 കോടി ചെലവിട്ട് സ്ഥാപിച്ച ക്യാമറകള്‍ 24മണിക്കൂറും പെറ്റിയടിക്കും.

24 മണിക്കൂറും നിരീക്ഷിച്ച് വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനാല്‍ രാത്രിയും പകലുമെന്നില്ലാതെ വലിയൊരു നീരീക്ഷണമാണ് ഉണ്ടാവുക. ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നതിന് കണക്ടിവിറ്റി, ഡേറ്റാവിശകലനം, ജീവനക്കാര്‍, സൗരോര്‍ജ്ജ സംവിധാനം എന്നിവ ആവശ്യമാണ്. ഇതിനായി മൂന്നുമാസത്തിലൊരിക്കല്‍ മൂന്നരക്കോടിയും ക്യാമറകള്‍ സ്ഥാപിച്ച ചെലവില്‍ എട്ടരക്കോടിയും കെല്‍ട്രോണിന് നല്‍കണം. ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച് പിഴ തയ്യാറാക്കുന്നത് കെല്‍ട്രോണും പെറ്റി അംഗീകരിക്കേണ്ടത് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവുമാണ്.

എ ഐ ക്യാമറയുടെ 800 മീറ്റര്‍ പരിധിയിലെ ലംഘനങ്ങള്‍ വരെ പിടിക്കും. അമിത വേഗം, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹന യാത്ര, അമിത ഭാരം, ഇന്‍ഷുറന്‍സ്, മലീനീകരണ സര്‍ട്ടിഫിക്കറ്റ്, െ്രെഡവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ഇനി മുതല്‍ പിഴ അടക്കേണ്ടി വരും. നിലവില്‍ ഒരാളെ ഏതൊക്കെ ക്യാമറകള്‍ പിടികൂടുന്നോ അതെല്ലാം പെറ്റിയായി മാറ്റാനാണ് തീരുമാനം. ഇതില്‍ മാറ്റം വരുത്തണോയെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. എ ഐ ക്യാമറകള്‍ക്ക് രാത്രിയിലും വ്യക്തതയേറിയ ദൃശ്യങ്ങളാണ് ലഭിക്കുക എന്ന പ്രത്യേകതയുമുണ്ട്.

കാറുകളില്‍ സീറ്റ്‌ബെല്‍റ്റിടാത്തവരുടെ മുഖവും നമ്പര്‍ പ്ലേറ്റും വാഹനത്തിന്റെ ചിത്രവുമെല്ലാം വ്യക്തമായി ക്യാമറ കണ്ടെത്തും. ഇരുചക്ര വാഹനത്തില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റില്ലെങ്കില്‍ അവരുടെ ചിത്രവുമെടുക്കും. െ്രെഡവിംഗിനിടെ മൊബൈലുപയോഗവും പിടിക്കും. വാഹനത്തിന്റെ ഇന്‍ഷ്വറന്‍സ്, രജിസ്‌ട്രേഷന്‍, പൊല്യൂഷന്‍ രേഖകള്‍ നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന്റെ (എന്‍.ഐ.സി) വാഹന്‍ സോഫ്റ്റ്‌വെയറില്‍ പരിശോധിച്ച് ക്യാമറ സ്വന്തമായി പിഴചുമത്തും. അമിതവേഗവും കണ്ടെത്തി അതിനും പിഴയുണ്ടാകും.

പെറ്റിയുടെ വിവരം വാഹന ഉടമയുടെ മൊബൈലിലേക്ക് അയക്കും. ക്യാമറകളില്‍ 675 എണ്ണം ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്താനായാണ് സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങളും ഈ വിഭാഗത്തിലാണ് വരുന്നത്. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറകളുണ്ട്. അമിത വേഗം തിരിച്ചറിയുന്ന നാല് ക്യാമറകളും ലൈന്‍ തെറ്റിക്കല്‍, ട്രാഫിക് സിഗ്‌നല്‍ തെറ്റിക്കല്‍ എന്നിവ കണ്ടെത്താന്‍ 18 ക്യാമറകളുമാണ് നിലവില്‍ സ്ഥാപിച്ചിരിക്കുന്നത്.