കര്‍ണാടക കോണ്‍ഗ്രസിനെന്ന് അഭിപ്രായ സര്‍വെ; 131 സീറ്റുകള്‍ വരെ സീറ്റുകള്‍ നേടും

India

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വലിയ വിജയമെന്ന് അഭിപ്രായ സര്‍വെ. 131 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് ലോക് പോള്‍ നടത്തിയ സര്‍വേ പറയുന്നത്. നേരത്തെയുള്ളതില്‍ നിന്നും കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയെന്നും അതേസമയം ബി ജെ പി പിന്നിലേക്ക് പോയെന്നും സര്‍വേ പറയുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 65,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. 42 മുതല്‍ 45 ശതമാനം വരെ വോട്ട് ഷെയറാണ് കോണ്‍ഗ്രസിന് സര്‍വേ പ്രവചിക്കുന്നത്. 128 മുതല്‍ 131 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്നും ബി ജെ പിക്ക് 66-69 സീറ്റുകളാകും ലഭിക്കുകയെന്നും വോട്ടിംഗ് ഷെയര്‍ 30-33 ശതമാനമായിരിക്കുമെന്നും സര്‍വെ വ്യക്തമാക്കുന്നു. അതേസമയം ജെ ഡി എസിന് 21 മുതല്‍ 25 സീറ്റുകള്‍ വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നും വോട്ടിംഗ് വിഹിതം 15-18 ആയിരിക്കുമെന്നുമാണ് സര്‍വെ പറയുന്നത്. നേരത്തെ പുറത്തുവന്ന എ ബി പി സി വോട്ടര്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ കോണ്‍ഗ്രസിന് 115 മുതല്‍ 127 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പറഞ്ഞിരുന്നു.