എ കെ 47, മെഷീന്‍ ഗണ്‍; അടിച്ചാല്‍ തിരിച്ചടിക്കാനുള്ള അടവുകള്‍, അടിപൊളിയാണ് കേരള പൊലീസ് സ്റ്റാള്‍

Kerala

ആലപ്പുഴ: മുന്‍കാലങ്ങളില്‍ പൊലീസ് സേന ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ മുതല്‍ അത്യാധുനിക യന്ത്രത്തോക്കുകളും വനിതകള്‍ക്ക് സ്വയം സുരക്ഷ ഒരുക്കുന്നതിനുള്ള ആയോധന മുറകളുടെ പരിശീലനവും ഉള്‍പ്പെടുന്നതാണ് എന്റെ കേരളം മേളയിലെ കേരള പൊലീസിന്റെ സ്റ്റാള്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 23 വരെ ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് പൊലീസ് വകുപ്പിന്റെ സ്റ്റാള്‍ സജ്ജീകരിച്ചിട്ടുള്ളത്. മേളയിലെ പ്രധാന ആകര്‍ഷണം കൂടിയാണ് ഈ പരിശീലന പരിപാടി. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് സ്റ്റാള്‍ തയ്യാറാക്കിയിട്ടുള്ളത്.

പൊതുഇടങ്ങളിലും വീടകങ്ങളിലും സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനും സ്വയം സുരക്ഷ ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ് പരിശീലനം നല്‍കുന്നത്. നിരവധി സ്ത്രകളാണ് ഇതിനോടകം ഇവിടം സന്ദര്‍ശിച്ചത്. അതിക്രമം നേരിടുന്ന സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചാല്‍ രക്ഷപ്പെടുന്നതിനുള്ള മാര്‍ഗങ്ങളും പ്രത്യേകം വിശദീകരിച്ച് നല്‍കും. ആലപ്പുഴ സെല്‍ഫ് ഡിഫന്‍സ് ടീം അംഗങ്ങളായ ലിസി മത്തായി, ജാന്‍സി, രത്‌നമണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്.

ഇതിനു പുറമേ കേരള പോലീസ് ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളെല്ലാം സ്റ്റാളിലെത്തിയാല്‍ അടുത്തറിയാന്‍ സാധിക്കും. സെല്‍ഫ് ഡിഫന്‍സ്, ആയുധങ്ങള്‍, സ്ത്രീ സുരക്ഷ, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ടെലി കമ്മ്യൂണിക്കേഷന്‍, ഫിംഗര്‍ പ്രിന്റ് ബ്യൂറോ, ഫോറന്‍സിക് സയന്‍സ് ലാബ് തുടങ്ങി ഏഴ് മേഖലകളായി തിരിച്ചാണ് പോലീസ് വകുപ്പിന്റെ സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്.

കേരള പോലീസ് സേന നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആയുധങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അത്യാധുനിക 7.62 എം.എം. സ്‌നൈപ്പര്‍ റൈഫിള്‍, ഒരു മിനിറ്റില്‍ 600 റൗണ്ട് വരെ വെടിവയ്ക്കാന്‍ കഴിയുന്ന ഇസ്രായേല്‍ നിര്‍മ്മിത 9 എം.എം.എസ്.എം.ജി തോക്കുകള്‍, എ.കെ. 47 തോക്കുകള്‍, ഇന്‍സാസ് റൈഫിള്‍, അമേരിക്കന്‍ നിര്‍മ്മിത ഗ്ലോക്ക് പിസ്റ്റല്‍, ലൈറ്റ് മെഷീന്‍ ഗണ്‍, ഒരേസമയം 6 ഗ്രനേഡുകള്‍ നിറയ്ക്കാന്‍ കഴിയുന്ന മള്‍ട്ടീ ഷെല്‍ ലോഞ്ചര്‍, 5.52 എം.എം. ഗണ്‍ മെഷീന്‍, റൈഫിള്‍, പമ്പ് ആക്ഷന്‍ ഗണ്‍, ഷെല്‍ ലോഞ്ചര്‍, സ്‌നൈപ്പര്‍ തുടങ്ങിയ ആയുധങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ആര്‍മര്‍ വിഭാഗത്തിലെ എസ്.ഐ. കെ.യു. അനില്‍ കുമാര്‍, സി.പി.ഒ. സുനീഷ് കുമാര്‍ എന്നിവരാണ് ആയുധങ്ങളെക്കുറിച്ച് വിവരിച്ച് നല്‍കാനായി സ്റ്റാളിലുള്ളത്.

സ്ത്രീ സുരക്ഷയ്ക്കായി കേരള പൊലീസ് തയ്യാറാക്കിയിട്ടുള്ള നിര്‍ഭയ ആപ്ലിക്കേഷന്റെ വിവരണവും പോല്‍ ആപ്പ്, യോദ്ധാവ് തുടങ്ങിയവയുടെ ബോധവത്ക്കരണ വീഡിയോകളുടെ പ്രദര്‍ശനവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതിനായി ഫിംഗര്‍ പ്രിന്റ് ബ്യൂറോ ഉപയോഗിക്കുന്ന പൊടികള്‍, ബ്രഷുകള്‍, ലെന്‍സുകള്‍, അള്‍ട്രാവയലറ്റ് ലൈറ്റുകള്‍, മഷികള്‍ എന്നിവ കാണാനും സ്റ്റാളിലെത്തിയാല്‍ സാധിക്കും. മേള 23ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.