അഞ്ച് വര്‍ഷം, മാറ്റിയത് 33 തവണ, ഇത്തവണ പരിഗണിക്കുമോ; ലാവലിന്‍ കേസ് തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും

India

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസ് എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി കേസ് അവസാനമായി ലിസ്റ്റ് ചെയ്തത് കഴിഞ്ഞ നവംബറിലായിരുന്നു. അന്ന് സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നില്ല. നാലാം നമ്പര്‍ കോടതിയില്‍ 21മത്തെ കേസായിട്ടാണ് ലാവലിന്‍ കേസ് തിങ്കളാഴ്ച പരിഗണിക്കുന്നത്.

മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് അവസാനമായി പരിഗണിച്ചത്. യു യു ലളിതിന് മുന്നില്‍ ഒക്ടോബര്‍ 20ന് കേസ് എത്തിയെങ്കിലും മാറ്റുകയായിരുന്നു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്ന് ഇതിനെതിരെ 2017 ഡിസംബറില്‍ സി ബി ഐ സുപ്രീം കോടതിയെ സമീപിച്ചു. 2018 ജനുവരി 11ന് സുപ്രീം കോടതി കേസില്‍ നോട്ടീസ് അയച്ചു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനിടെ 33 തവണ കേസിന്റെ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു.

നിരന്തരമായി ഹര്‍ജി മാറി പോകുന്നെന്ന് കക്ഷി ചേര്‍ന്ന ടി പി നന്ദകുമാറിന്റെ അഭിഭാഷക എം കെ അശ്വതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെ ഹര്‍ജി പരിഗണിക്കുന്നത് ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിരുന്നു. പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ മോഹന ചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. ഇതിനെതിരെയുളള ഹൈക്കോടതി വിധിക്കെതിരെയാണ് സി ബി ഐ സുപ്രീം കോടതിയില്‍ എത്തിയത്.