പാരിപ്പള്ളി യു കെ എഫ് കോളേജില്‍ ഡിപ്ലോമാ കോഴ്‌സുകള്‍ ആരംഭിച്ചു

Kollam

കൊല്ലം: പാരിപ്പള്ളി യു കെ എഫ് കോളേജില്‍ ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിച്ചു. വിജയകരമായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കുന്ന സിവില്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീറിംഗ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, റിന്യൂവബിള്‍ എനര്‍ജി എന്നീ കോഴ്‌സുകളാണ് എഐസിടിഇയുടെയും സംസ്ഥാന സര്‍ക്കാരിന്റെ സാങ്കേതിക വകുപ്പിന്റെയും (ഡിടിഇ) അംഗീകാരത്തോടെ ആരംഭിക്കുന്നത്. വ്യവസായ സംരംഭങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ഒന്നാം സെമസ്റ്റര്‍ മുതല്‍തന്നെ വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ വികസന പരിശീലനം കൂടി കോഴ്‌സിന്റെ ഭാഗമായി നല്‍കുമെന്ന് കോളേജ് ഡയറക്ടര്‍ അമൃത പ്രശോഭ് അറിയിച്ചു. ഓരോ കോഴ്‌സുകള്‍ക്കും 60 സീറ്റുകള്‍ വീതമാണ് അനുവദിച്ചിട്ടുള്ളത്.

പാരമ്പര്യേതര ഊര്‍ജത്തിന്റെ (റിന്യൂവബിള്‍ എനര്‍ജി) പ്രാധാന്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭാവിയില്‍ മനുഷ്യന്റെ ദൈനംദിന ആവശ്യങ്ങളില്‍ പുനരുല്‍പ്പാദിപ്പിക്കുന്ന ഊര്‍ജത്തിന്റെ പങ്ക് പഠനവിഷയം ആക്കിക്കൊണ്ടാണ് റിന്യൂവബിള്‍ എനര്‍ജി ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നത്. വ്യവസായ ലോകം റോബോട്ടിക് പ്രോസസ് ഓട്ടോമേഷനിലേക്ക് വഴിമാറുമ്പോള്‍, ആ മേഖലയിലെ തൊഴില്‍ സാധ്യതകളെ മുന്നില്‍കണ്ടാണ് റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ എന്ന ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നത്. സുസ്ഥിരവികസനത്തെ നിര്‍വചിക്കുതില്‍ സിവില്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍മാര്‍ പ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ടുതന്നെ ഭാവിയില്‍ ഏറെ തൊഴില്‍ സാധ്യതയുള്ളതാണ് സിവില്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീറിംഗ് ഡിപ്ലോമ കോഴ്‌സ്.

കോഴ്‌സിന്റെ ഭാഗമായി പ്രമുഖ കമ്പനികളുമായി ബന്ധപ്പെട്ട് അതാത് വിഷയങ്ങളില്‍ ആവശ്യമായ ആഡ് ഓണ്‍ കോഴ്‌സുകളും വിദ്യാര്‍ഥികള്‍ക്കായി നടത്തുമെന്നും, കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ മേഖലയിലെയും വ്യത്യസ്ഥ കമ്പനികളുമായി കോളേജ് ധാരണയില്‍ എത്തിയതായും കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ.ജിബി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ.ഇ.ഗോപാലകൃഷ്ണ ശര്‍മ എന്നിവര്‍ അറിയിച്ചു. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് എസ്എസ്എല്‍സി, പ്ലസ്ടു (എല്ലാ വിഭാഗങ്ങളും), ഐടിഐ (എല്ലാ വിഭാഗങ്ങളും), യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടു ഡിഎച്ച്എസ്ഇ, വിഎച്ച്എസ്ഇ, ടിഎച്ച്എസ്ഇ എന്നിവര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വെബ്‌സൈറ്റ്: ംംം.ൗസളരല.േമര.ശി, ഫോണ്‍: 8606009997.