പഠന റിപ്പോര്‍ട്ടില്‍ എന്ത് കാര്യം; ഗോമൂത്രം അമൃത് തന്നെയെന്ന് ആര്‍ എസ് എസ് സംഘടന

India

ന്യൂദല്‍ഹി: പശുവിന്റെ മൂത്രം കുടിക്കുന്നത് നല്ലത് തന്നെയാണെന്ന് ആര്‍ എസ് എസ് സംഘടന. ഗോമൂത്രം കുടിക്കുന്നത് ആരോഗ്യത്തിന് തകരാറാണെന്ന ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ഐ വി ആര്‍ ഐ) റിപ്പോര്‍ട്ട് തള്ളിയാണ് ആര്‍ എസ് എസ് സംഘടന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പശു മൂത്രം ഒഴിച്ച ഉടനെ അത് കുടിക്കുന്നതാണ് ഉത്തമമെന്നും ആര്‍ എസ് എസിന്റെ പോഷക സംഘടനയായ ഗോ വിഗ്യാന്‍ അനുസാധന്‍ കേന്ദ്ര (ജി വി എ കെ) എന്ന സംഘടന വ്യക്തമാക്കുന്നു.

പശുവിന്റെ മൂത്രത്തില്‍ അപകടകാരികളായ 14 തരം ബാക്ടീരിയകള്‍ അടങ്ങിട്ടുണ്ടെന്ന് ഐ വി ആര്‍ ഐ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ആര്‍ എസ് എസ് പോഷക സംഘടന രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യമുള്ള പശുവാണെങ്കില്‍ അതിന്റെ മൂത്രവും നല്ലതാണെന്നാണ് ജി വി എ കെ മേധാവിയും കേന്ദ്ര സര്‍ക്കാറിന്റെ പഞ്ചാഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമായ സുനില്‍ മന്‍സിന്‍ഗയ വാദിക്കുന്നത്.

നാഷനല്‍ എന്‍വയോണ്‍മന്റെല്‍ എന്‍ജീനീയറിങ് ആന്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ചീഫ് സയന്റിസ്റ്റ് ഡോ. കെ കൃഷ്ണ മൂര്‍ത്തിയും ജി വി എ കെക്ക് പിന്തുണയുമായി വാര്‍ത്താ സമ്മേളനത്തില്‍ എത്തിയിരുന്നു. ഗോ മൂത്രം കാന്‍സര്‍ വരെ തടയുമെന്നായിരുന്നു ഇരുവരും ഉയര്‍ത്തിയ അവകാശവാദം.