ഇഗ്നിട്ര 2024: യു കെ എഫ് ടെക് ബസ് പര്യടനത്തിന് തുടക്കം

Kollam

കൊല്ലം : പാരിപ്പള്ളി യു കെ എഫ് എൻജിനീയറിങ് കോളേജിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ യു കെ എഫ് ടെക്ബസിന്റെ പര്യടനം തുടങ്ങി. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് ടെക് ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. 8 മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ടെക്നോളജിയുടെ വിവിധ തലങ്ങൾ പരിചയപ്പെടുത്തുന്നതിനായി യു ലാബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സഞ്ചരിക്കുന്ന മൊബൈൽ ലേണിംഗ് പ്ലാറ്റ്ഫോമാണ് യുകെ എഫ് ടെക് ബസ്.

യു കെ എഫ് കോളേജിൽ ഡിസംബർ 03 ന് നടക്കുന്ന ഇന്റർസ്കൂൾ ടെക്നിക്കൽ ഫെസ്റ്റ് “ഇഗ്നിട്ര 2024” ന്റെ പ്രചരണ ഭാഗമായിട്ടാണ് യു കെ എഫ് ടെക് ബസ് വിവിധ സ്കൂളുകളിൽ പര്യടനം നടത്തുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പര്യടനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർക്ക്ഷോപ്പുകൾ,ഫാബ് അറ്റ് സ്കൂൾ, കരിയർ ഓറിയന്റേഷൻ സെഷനുകൾ എന്നിവ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. സ്കൂൾ വിദ്യാർത്ഥികളിൽ ടെക്നോളജി ആശയങ്ങൾ രൂപീകരിക്കുക, പുതിയകാല ടെക്നോളജിയുടെ സാധ്യതാ പഠനവും പരിചയവും വളർത്തുക, വിവിധ കരിയർ സാധ്യതകളെ കുറിച്ചുള്ള പഠനം, ഇഗ്നിട്ര 2024 മത്സര പരിചയം, തുടങ്ങിയവയാണ് യു കെ എഫ് ടെക്ബസ് പര്യടനത്തിന്റെ ലക്ഷ്യങ്ങൾ.

ഡിസംബർ 3 ന് നടക്കുന്ന ഇന്റർ സ്കൂൾ ടെക്നിക്കൽ ഫെസ്റ്റ് ഇഗ്നിട്ര 2024 ന്റെ പ്രചരണ ഭാഗമായി ടെക് ബസ് പര്യടനം നടക്കുന്നതോടൊപ്പം, വർക്കിംഗ്‌ മോഡൽ അവതരണം, സ്റ്റിൽ മോഡൽ അവതരണം, ഫുട്ബോൾ മത്സരം, ക്വിസ് മത്സരം, ചിത്രരചന ജലച്ഛായ മത്സരം, സ്കൂൾ ബാൻഡ് മത്സരം എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. ഒരു ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാനുള്ള യോഗ്യത. വിശദ വിവരങ്ങൾക്കും രെജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ 8606455613, 8129392896.