തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താനെന്ന പേരില്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന എ ഐ ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. പൊതുഖജനാവിലെ പണം ഉപയോഗിക്കുന്ന സുതാര്യമായിരിക്കണം. ഒരു ക്യാമറയ്ക്ക് 33 ലക്ഷം രൂപയെന്നതും ഈ ക്യാമറകള്‍ എ ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെയാണോയെന്നും വ്യക്തമാക്കണം. സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചത് ഏറെ ഗൗരവതരമാണ്.
സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് 236 കോടി രൂപ ചെലവഴിച്ചാണ് 726 ക്യാമറകള്‍ സ്ഥാപിച്ചതെന്നാണ്. ഒരു ക്യാമറയ്ക്ക് 33 ലക്ഷത്തോളമാണ് ഇത്തരത്തില്‍ വില വരുന്നത്. ഇത്രയും തുക മുടക്കിയെന്നത് അവിശ്വസനീയമാണ്. ക്യാമറകളുടെ യഥാര്‍ഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടി വന്ന ചെലവും ഉള്‍പ്പെടെ വിശദമായ കണക്ക് പുറത്ത് വിടാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു.
നോട്ട് നിരോധന കാലത്ത് സംഘപരിവാര്‍ സമൂഹമാധ്യമങ്ങളില്‍ പല കഥകളും പ്രചരിപ്പിച്ചിരുന്നു. അതി സുരക്ഷ സംവിധാനമുള്ള നോട്ടുകളാണ് ഇറക്കുന്നതെന്നും എവിടെ സുക്ഷിച്ചാലും സര്‍ക്കാറിന് വിവരം ലഭിക്കുമെന്നെല്ലാമായിരുന്നു പ്രചരിപ്പിച്ചിരുന്നത്. ക്യാമറയുടെ കാര്യത്തിലും ഇത്തരത്തില്‍ കഥകള്‍ പ്രചരിക്കുകയാണ്. അതുകൊണ്ട് തന്നെ സത്യാവസ്ഥ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം.