ആലപ്പുഴ: ഇരുപത്തഞ്ചു ശതമാനം രോഗികളും ലഹരി ഉപയോഗത്തിന്റെ പ്രശ്നങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിക്കുന്നുണ്ടെന്നു ഡോ. ബി പദ്മകുമാര്‍. ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് എക്സൈസ് വകുപ്പ് സംഘടിപ്പിച്ച ലഹരിമുക്ത യുവത എന്ന വിഷയത്തില്‍ സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
സോഫ്റ്റ്ഡ്രിങ്ക്സ് ഉപയോഗിക്കുന്ന പോലെയാണ് ഇപ്പോള്‍ എല്ലാവരും മദ്യം ഉപയോഗിക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ക്ക് ഉള്‍പ്പെടെ എല്ലാ ചടങ്ങുകള്‍ക്കും മദ്യം നിര്‍ബന്ധമാണ്. നിരന്തരമായ കഞ്ചാവ് ഉപയോഗം സ്കിസോഫ്രേനിയ എന്ന അവസ്ഥയ്ക്കു കാരണമാകുന്നു. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത രോഗാവസ്ഥയാണ് സ്കിസോഫ്രേനിയ. ലഹരി ഉപയോഗിക്കുന്നവരെ എങ്ങനെ തിരിച്ചറിയാം, ഏതെല്ലാം രീതിയില്‍ ചികിത്സയ്ക്കണം തുടങ്ങിയ കാര്യങ്ങളും അദ്ദേഹം വിശദമാക്കി.