സിനിമയുടെ എഡിറ്റിങ്: ഫെഫ്കയുടെ നിലപാടിന് ഒപ്പമെന്ന് ആഷിഖ് അബു

Cinema

ദുബൈ: സിനിമയുടെ എഡിറ്റിങ് നിര്‍മാതാവിനെ മാത്രം കാണിച്ചാല്‍ മതി എന്ന ഫെഫ്കയുടെ നിലപാടിന് ഒപ്പമാണ് താനെന്ന് സംവിധായകന്‍ ആഷിഖ് അബു. എഡിറ്റിങ് കാണിക്കണമെന്ന് വാശിപിടിക്കുന്ന ചില നടന്‍മാര്‍ ആരാണെന്ന് ആരോപണം ഉന്നയിച്ചവര്‍ വെളിപ്പെടുത്തണമെന്ന് നടന്‍ ടോവിനോ തോമസ്. നീലവെളിച്ചം സിനിമയുടെ ഗള്‍ഫ് റിലീസിന്റെ ഭാഗമായി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

നടന്‍മാര്‍ സിനിമയുടെ എഡിറ്റില്‍ ഇടപെടുന്നത് പുതിയ സംഭവമല്ലെന്നും ആഷിഖ് അബു ചൂണ്ടിക്കാട്ടി. എന്നാല്‍, ഇപ്പോഴാണ് അക്കാര്യം പുറത്തുപറയാന്‍ അണിയറ പ്രവര്‍ത്തകര്‍ തയാറായത്. ഇക്കാര്യത്തില്‍ താന്‍ ഫെഫ്കയുടെ ഒപ്പമാണ്. ആരോപണമുന്നയിച്ചവര്‍ എഡിറ്റ് കാണാന്‍ വാശിപിടിക്കുന്ന ചില നടന്‍മാര്‍ ആരാണെന്ന കാര്യം കൂടി പറയണമെന്നാണ് ടോവിനോ തോമസ് അഭിപ്രായപ്പെട്ടത്. നീലവെളിച്ചത്തില്‍ ഭാര്‍ഗവിയുടെ റോള്‍ കൈകാര്യം ചെയ്യുന്ന റീമ കല്ലിങ്കല്‍, നടന്‍ ഷൈന്‍ ടോം ചാക്കോ, സഹനിര്‍മാതാക്കളായ സജിന്‍, അബ്ബാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.