മലയോര മേഖലയിലെ വനഭൂമി പട്ടയം ഉടമകള്‍ക്ക് നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കും: റവന്യൂ മന്ത്രി

Kerala

കോഴിക്കോട്: മലയോര മേഖലയിലെ വനഭൂമിയുടെ പട്ടയം അതിന്റെ അര്‍ഹരായ ഉടമകള്‍ക്ക് നല്‍കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. നരിപ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ മനുഷ്യരെയും ഭൂമിയുടെ അവകാശികളാക്കുക എന്നതാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യം. ഒരു തണ്ടപ്പേരുമില്ലാത്ത മുഴുവന്‍ മനുഷ്യരെയും ഭൂമിയുടെ അവകാശികളാക്കുക ശ്രമകരമായ ദൗത്യമാണെങ്കിലും അതിന് തുടക്കം കുറിക്കുകയാണ് റവന്യൂ വകുപ്പ്. കുറഞ്ഞ കാലം കൊണ്ട് പട്ടയത്തിന്റെ ഉടമകളാക്കി മനുഷ്യരെ മാറ്റുന്ന നടപടിക്ക് റവന്യൂ വകുപ്പ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

2020-21 പ്ലാന്‍ സ്‌കീം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് നരിപ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നേരത്തെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് നിര്‍മ്മിച്ചത്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ വില്ലേജ് ഓഫീസറുടെ റൂം, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറുടെ റൂം, ഓഫീസ് ഏരിയ, ജീവനക്കാര്‍ക്കുള്ള ശൗചാലയം , കാത്തിരിപ്പു കേന്ദ്രം, സ്‌റ്റോറേജ് റൂം, പൊതുജനങ്ങള്‍ക്കുളള ശൗചാലയം എന്നീ സൗകര്യങ്ങളാണുള്ളത്.