കട്ടാങ്ങല്‍: ആരോഗ്യകരമായ ജീവിതചര്യയ്ക്ക് യോഗ പഠനം ഉത്തമമെന്ന് എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വര്‍ഗ്ഗീസ് മാത്യു. നായര്‍കുഴി ഗൗതമമംഗലം ശ്രീ മഹാവിഷ്ണു സന്താന ഗോപാല മൂര്‍ത്തി ക്ഷേത്രത്തിലെ നവീകരണ ധ്വജപ്രതിഷ്ഠാ സഹസ്രകലശ മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ യോഗ നിത്യ ജീവിതത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തിന് മാതൃകയായ ഭാരതീയ സംസ്‌ക്കാരത്തില്‍ യോഗയുടെ പങ്ക് ഏറ്റവും വിലപ്പെട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് കെ ബാലന്‍ അധ്യക്ഷത വഹിച്ചു. കലശ കമ്മിറ്റി ചെയര്‍മാന്‍ എ ജനാര്‍ദ്ദന്‍ സ്വാഗതവും മാതൃ സമിതി ചെയര്‍പേഴ്‌സണ്‍ രതി ചോലയില്‍ നന്ദിയും പറഞ്ഞു.
30ന് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പാടേരി സുനില്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ധ്വജ പ്രതിഷ്ഠ, മെയ് 3 ന് വൈകീട്ട് 7 മണിക്ക് സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍ ഉദ്ഘാടനം ചെയ്യും. മെയ് 5 ന് ഉത്സവത്തിന് സമാപനം.