വിമാന കമ്പനികളുടെ പ്രവാസി കൊള്ള; ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്

India

ന്യൂദല്‍ഹി: വിമന കമ്പനികള്‍ പ്രവസികളെ കൊള്ളയടിക്കുന്ന നടപടിക്കെതിരെ ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടിസ്. ബെന്നി ബഹനാന്‍ എം പിയാണ് വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഓണാവധി കഴിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നവര്‍ക്ക് ഇരുട്ടടിയായി മാറുകയാണ് വര്‍ദ്ധിപ്പിച്ച വിമാനക്കൂലി. ടിക്കറ്റ് നിരക്കില്‍ തീവെട്ടി കൊള്ളയാണ് വിമാന കമ്പനികള്‍ നടത്തുന്നത്. ഈ സാഹചര്യത്തില്‍ വിഷയം പാര്‍ലമെന്റ്ല്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.

കേരളത്തില്‍ മാത്രമാണ് വിമാന കമ്പനികള്‍ നിരക്ക് വര്‍ധന നടപ്പാക്കിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തുകയേക്കാള്‍ രണ്ടും മൂന്നും ഇരട്ടിയാണ് കേരളത്തിലെ യാത്രക്കാരില്‍ നിന്നും ഈടാക്കന്നത്. ഓണം, വിഷു, പെരുന്നാള്‍, വേനലധി തുടങ്ങിയ സമയങ്ങളിലെല്ലാം വിമാന കമ്പനികള്‍ ഇത്തരത്തില്‍ നിരക്ക് വര്‍ധന നടത്താറുണ്ട്. അമിത നിരക്ക് കാരണം ഏറെ പ്രയാസത്തിലാണ് പ്രവാസികളേറെയും.

നിരക്ക് വര്‍ധിപ്പിക്കാന്‍ വിമാന കമ്പനികള്‍ക്ക് അവകാശമുണ്ടെന്ന നിലപാട് മാറ്റണമെന്നും അവധിക്കാലങ്ങളില്‍ വിമാന കമ്പനികള്‍ നടത്തുന്ന തീവെട്ടിക്കൊള്ള പരിഹരിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും ബെന്നി ബഹനാന്‍ എം പി ആവശ്യപ്പെട്ടു. ഓണത്തിനായി നാട്ടിലേക്ക് എത്തുന്ന പ്രവാസികള്‍ ഓണവും ആഘോഷിച്ച് ഗള്‍ഫില്‍ സ്‌കൂള്‍ തുറക്കുന്ന സമയം നോക്കിയാണ് ഇവിടെ നിന്നും തിരികെ പോകാറ്. ഈ സമയം നോക്കിയാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത്.